കുട്ടനാട് സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി ; എത്തുന്നത് യോഗത്തില്‍ പങ്കെടുക്കാന്‍

കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതങ്ങള്‍ ഉണ്ടായത് ആലപ്പുഴയിലാണ്. അവിടെ തന്നെ കുട്ടനാട്ടില്‍ ഇപ്പോഴും ദുരിതങ്ങള്‍ തുടരുകയാണ്. ഇതിനിടെ നാളെ ആലപ്പുഴയില്‍ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടനാട്ടില്‍ സന്ദര്‍ശനത്തിനെത്തില്ല. ആലപ്പുഴയില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുത്തശേഷം മടങ്ങാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ അവലോകയോഗം നടക്കും. ഈ യോഗം മാത്രമാണ് മൂന്‍കൂട്ടി തയ്യാറാക്കിയിട്ടുള്ള മുഖ്യമന്ത്രിയുടെ പരിപാടിയിലുള്ളത്.

മുഖ്യമന്ത്രിയുടെ കുട്ടനാട് സന്ദര്‍ശനം സംബന്ധിച്ച യാതൊരു വിവരവും ജില്ലാ ഭരണകൂടത്തിനോ പോലീസിനോ ലഭിച്ചിട്ടില്ല. അവലോകന യോഗത്തിനു ശേഷം ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്തേക്ക് മടങ്ങും. തലസ്ഥാനത്തെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാനാണ് മുഖ്യമന്ത്രി തിരക്കിട്ട് മടങ്ങുന്നതെന്നാണ് വിശദീകരണം. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവലോകന യോഗം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. ആലപ്പുഴയില്‍ കനത്ത മഴ ദുരിതം വിതച്ച കുട്ടനാട്ടില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സന്ദര്‍ശിക്കാത്തതില്‍ പ്രതിപക്ഷം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ജില്ലാ ഭരണകൂടത്തിനും പൊലീസിനും മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടില്ല. സാധാരണ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പായി ജില്ലാ ഭരണകൂടത്തിനും പൊലീസിനും അറിയിപ്പ് ലഭിക്കാറുള്ളതാണ്. മുഖ്യമന്ത്രി കുട്ടനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ കുട്ടനാട്ടില്‍ നടന്ന യോഗത്തിന് ശേഷം മന്ത്രിമാര്‍ അറിയിച്ചിരുന്നത്.