പിണറായി വിജയനെ കാണാന്‍ കത്തിയുമായി ഡല്‍ഹി കേരളാ ഹൌസില്‍ എത്തിയ യുവാവ് പിടിയില്‍
മുഖ്യമന്ത്രി പിണറായി വിജയനെ കാണണം എന്ന ആവശ്യവുമായി കൈയ്യില്‍ കത്തിയും കൊണ്ട് ഡല്‍ഹി കേരളാ ഹൌസില്‍ എത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ചെട്ടിക്കുളങ്ങര സ്വദേശിയായ വിമല്‍ രാജ് ആണ് കത്തിയുമായി കേരള ഹൗസിനുമുന്നിലെത്തിയത്. സുരക്ഷാ സേനയുടെ സമയോചിത ഇടപെടലിലൂടെ യുവാവിന്റെ കൈയ്യില്‍നിന്ന് കത്തി പിടിച്ചു വാങ്ങുകയായിരുന്നു. പിടികൂടിയ സമയം മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് ആരോപിച്ച് ബഹളം വെക്കുകയും ചെയ്തു.
ഡൽഹിയിലുളള മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഹൗസിലാണ് താമസിക്കുന്നത്. ഇന്ന് രാവിലെ കേരള ഹൗസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടപ്പളളിയിൽ ജപ്തി ഭീഷണി നേരിടുന്ന പ്രീത ഷാജിയുടെ വിഷയത്തിൽ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. രാവിലെ 9.45നാണ് ഇയാള്‍ കത്തിയും കടലാസുകളുമായി കേരള ഹൗസിലേക്ക് എത്തിയത്.
നേരെ മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ സ്ഥാപിച്ച ഭാഗത്തേക്ക് വന്ന വിമല്‍രാജ് ഇവിടെ വച്ച് തനിക്ക് ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്നും മന്ത്രിമാരെയും മുഖ്യമന്ത്രിയെയും കണ്ടിട്ടും യാതൊരു സഹായവും ലഭിച്ചില്ലെന്നും ആരോപിച്ചു. പിന്നീട് ബാഗില്‍ നിന്നും കത്തിയെടുത്ത് വീശി. ഇതോടെയാണ് ഇയാളെ പൊലീസ് പിടികൂടുന്നത് . തുടര്‍ന്ന്‍ വിമല്‍രാജിനോട് സംസാരിക്കാന്‍ ശ്രമിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും ഇയാള്‍ കയര്‍ത്തു. ഉമ്മന്‍ചാണ്ടിയെ വന്ന് കണ്ടിരുന്നുവെന്നും പരിഹാരം ഉണ്ടായില്ലെന്നും അയാള്‍ പറഞ്ഞു.