റോഡിലൂടെ കളിത്തോക്കുമായി നടന്ന ഓട്ടിസം ബാധിതനായ യുവാവിനെ പോലീസ് വെടിവെച്ചുകൊന്നു
സ്വീഡനിലാണ് സംഭവം. എറിക്ക് ടോറല്‍ എന്ന ഇരുപതുകാരനാണ് കൊല്ലപ്പെട്ടത്. കളിത്തോക്കുമായി നിന്ന ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ എറിക്ക് ടോറലിനെ അക്രമിയായി തെറ്റിദ്ധരിച്ച് പോലിസ് വെടിവെക്കുകയായിരുന്നു. ഇയാള്‍ ഓട്ടിസബാധിതനുമാണ്. വ്യാഴാഴ്ച സെന്ററല്‍ സ്‌റ്റോക്ക്ഹോമില്‍ വാസസ്റ്റണില്‍ ഒരാള്‍ തോക്കുമായി നടക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലിസ് സ്ഥലത്തെത്തിയത്.
തങ്ങള്‍ എത്തുമ്പോള്‍ എറിക്ക് ടോറല്‍ തോക്കുമായി നില്‍ക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. സ്ഥിതി അപകടകരമെന്ന് തോന്നിയ പോലീസ് എറിക്കിനെ വെടിവെയ്ക്കുകയായിരുന്നു. മൂന്ന് പോലീസുകാര്‍ ചേര്‍ന്നാണ് എറിക്കിന്റെ വയറിന് നേര്‍ക്ക് നിറയൊഴിച്ചത്. എന്നാല്‍, പരിശോധനയില്‍ എറിക്ക് കൈവശം വെച്ചിരുന്നത് കളിത്തോക്കായിരുന്നുവെന്ന് തെളിയുകയായിരുന്നു.
വെറും മൂന്ന് വയസ്സുകാരന്റെ മാനസിക വളര്‍ച്ച മാത്രമുണ്ടായിരുന്ന അവന്‍ അപകടകാരിയാണെന്ന് പോലീസിന് എങ്ങനെ തോന്നിയെന്ന് മനസ്സിലാകുന്നില്ല എന്നാണു എറിക്കിന്റെ മാതാപിതാക്കള്‍ പറയുന്നത്. മകന്‍ ഡൗണ്‍ സിന്‍ഡ്രോമും ഓട്ടിസവും ബാധിച്ച കുട്ടിയാണ് അവനാകെ പറഞ്ഞിരുന്നത് ‘അമ്മ’ എന്ന വാക്ക് വാക്കും.
സ്വീഡിഷ് പബ്ലിക്ക് റേഡിയോ പുറത്തുവിട്ട കണക്ക് പ്രകാരം ഈ വര്‍ഷം ആറ് പേരെയാണ് സ്വീഡിഷ് പോലീസ് ഇത്തരത്തില്‍ സംശയത്തിന്റെ പേരില്‍ വെടിവെച്ച് കൊന്നത്. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും പോലീസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. അപകടകാരിയാണെന്ന് തെറ്റിദ്ധരിച്ചാണ് എറിക്കിന് നേരെ വെടിയുതിര്‍ത്തതെന്നും സംഭവത്തില്‍ കരുതികൂട്ടിയുള്ള ആക്രമണത്തിന് തെളിവില്ലെന്നും പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.