വണ്ണപ്പുറം കൂട്ടകൊലപാതകം ; മുസ്ലീം ലീഗ് പ്രാദേശിക നേതാവടക്കം മൂന്നുപേര്‍ കൂടി പിടിയില്‍

തൊടുപുഴ : ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ മുസ്ലീം ലീഗ് പ്രാദേശിക നേതാവടക്കം മൂന്നു പേര്‍ കൂടി കസ്റ്റഡിയിലായി. തിരുവനന്തപുരം കല്ലറ പാങ്ങോട് നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലാവരില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടെന്നാണ് വിവരം. ഇവരെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.

സംഭവം നടന്ന വീട്ടില്‍ നിന്ന് വെള്ള പെയിന്റടിച്ച ഇരുമ്പു വടികളും ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എല്ലാമുറികളിലും ആയുധങ്ങളുണ്ടായിരുന്നു. കത്തിയും ചെറിയ വാളുകളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആയുധങ്ങള്‍ ഇവര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നതാണ് എന്ന് പോലീസ് കണ്ടെത്തി. ഏതുസമയവും ആക്രമിക്കപ്പെടുമെന്ന് കൊല്ലപ്പെട്ട കൃഷ്ണന് നേരത്തെ അറിയാമായിരുന്ന നിഗമനത്തിലാണ് പൊലീസ്.

ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കാനായിരുന്നു ഇവ കരുതിയതെന്ന് കരുതുന്നു. ഈ ആയുധങ്ങള്‍ നിര്‍മിച്ചുകൊടുത്ത കൊല്ലപ്പണിക്കാരനെ അന്വേഷണസംഘം ചോദ്യംചെയ്തു. വീടിനുള്ളില്‍ നിന്ന് വീട്ടുകാരുടെയല്ലാത്ത ആറുപേരുടെ വിരലടയാളങ്ങള്‍ കണ്ടെത്തി. ഇത് കൊലയാളികളുടേതാണെന്ന് പൊലീസ് സംശയിക്കുന്നു. അതുപോലെ കൃഷ്ണന്റെ അടുപ്പക്കാരനായ നെടുങ്കണ്ടം സ്വദേശിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയതായി കാണപ്പെട്ടത്. കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിന് പിന്നിലുണ്ടാക്കിയ കുഴില്‍ നാല് മൃതദേഹങ്ങളും അടുക്കിവെച്ച നിലയിലാണ് കണ്ടെത്തിയത്. മോഷണ സംഘമാണ് ഇവരെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കള്‍.

ഇവരുടെ വീട്ടിലുണ്ടായിരുന്ന 40 പവന്‍ സ്വര്‍ണം കാണാനില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടിനുള്ളിലുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയപ്പെടുന്ന ആഭരണങ്ങള്‍ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവം നടന്ന പ്രദേശത്തെ പത്തിലധികം സി.സി.ടി.വി. ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധനക്കായി പൊലീസ് ശേഖരിച്ചിട്ടുണ്ട്.