മുല്ലപ്പെരിയാര്‍ ഡാമില്‍ തമിഴ് നാടിന്റെ സാഹസം ; നോക്കുകുത്തിയായി കേരളാ പോലീസ്
മുല്ലപ്പെരിയാര്‍ അണക്കെട്ടിനു മുകളില്‍ വാഹനങ്ങള്‍ കയറ്റി തമിഴ്‌നാട് പൊതുമരാമത്തുവകുപ്പ് . അണക്കെട്ട് ബലവത്താണെന്നു വരുത്തിത്തീര്‍ക്കുന്നതിനു തമിഴ്‌നാട് നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്ന് ആക്ഷേപം ഉയര്‍ന്നു. നാലു ജീപ്പുകളാണു തമിഴ്‌നാട് പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാന അണക്കെട്ടിനു മുകളില്‍ എത്തിച്ചത്. ഡാം മേല്‍നോട്ടസമിതിയെ ഗാലറിയിലേക്ക് കൊണ്ടുപോകാന്‍ ആണ് തമിഴ് നാട് ഇത്തരത്തില്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ ഇതേപ്പറ്റി പ്രതികരിക്കാന്‍ ഡാമിന്റെ സുരക്ഷാചുമതലയുള്ള കേരള പൊലീസ് തയ്യാറായില്ല.
ഇതാദ്യമായാണ് അണക്കെട്ടിന് മധ്യഭാഗം വരെ വാഹനമെത്തിച്ച് മേല്‍നോട്ടസമിതിയെ ഗാലറിയിലേക്ക് കൊണ്ടുപോയത്. ജസ്റ്റിസ് ആനന്ദ് ചെയര്‍മാനായിരുന്ന ഉന്നതാധികാര സമിതിയുടെ പരിശോധനാവേളയില്‍ തമിഴ്‌നാട് ഇത്തരം നീക്കം നടത്തിയെങ്കിലും സമിതി വിയോജിപ്പു പ്രകടിപ്പിച്ചതിനാല്‍ അന്ന് ഒഴിവാക്കുകയായിരുന്നു. ജീപ്പുകള്‍ അണക്കെട്ടിന്റെ മധ്യഭാഗത്ത് എത്തിച്ച് ഇവിടെനിന്നു വാഹനത്തില്‍ കയറ്റിയാണു മേല്‍നോട്ട സമിതി അംഗങ്ങളെ അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ള ഗാലറിയില്‍ പരിശോധനയ്ക്കായി എത്തിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയുടെ ചെയര്‍മാന്‍ ഗുല്‍ഷന്‍ രാജ്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ന്നശേഷം സമിതി അണക്കെട്ടില്‍ നടത്തിയ പരിശോധനയ്ക്കും യോഗത്തിനും ശേഷമായിരുന്നു തമിഴ്നാടിന്റെ വാദങ്ങള്‍ക്കു അനുകൂലമായുള്ള ചെയര്‍മാന്റെ പ്രതികരണം. അണക്കെട്ടിന്റെ ഇപ്പോഴത്തെ സംഭരണശേഷിയായ 142 അടി വരെ ജലം സംഭരിക്കുന്നതിനു തടസമില്ല. അണക്കെട്ടിന്റെ പുറംചുവരുകളില്‍ കാണുന്ന ചോര്‍ച്ച സാരമുള്ളതല്ല. അണക്കെട്ടിന്റെ ഗ്യാലറികളിലൂടെ ചോരുന്ന വെള്ളത്തിന്റെ അളവും അനുവദനീയമായ അളവിലാണെന്നു പറഞ്ഞ ചെയര്‍ മാന്‍ വെള്ളത്തിന്റെ തോത് വ്യക്തമാക്കിയില്ല. കാലവര്‍ഷം ദുര്‍ബലമായതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇപ്പോള്‍ കുറഞ്ഞ നിലയിലാണ്. നിലവില്‍ 134.4 അടിയാണ് ജലനിരപ്പ്.
സമിതിയുടെ വരവറിഞ്ഞ് തമിഴ്‌നാട്, അണക്കെട്ട് ചുവരുകളും പാരപറ്റും പെയിന്റ് പൂശി മോടിയാക്കിയിരുന്നു. ഡാം ചുവരുകളിലെ വിള്ളല്‍ സിമന്റ് ഗ്രൗട്ട് ഉപയോഗിച്ച് മറച്ചിരുന്നു. അണക്കെട്ട്, ബേബി ഡാം, സ്പില്‍വേ എന്നിവയോട് ചേര്‍ന്നുള്ള മണ്‍തിട്ടകളെല്ലാം കരിങ്കല്‍ പാകി ഉറപ്പാക്കി. കേരളം അറിയാതെയാണ് ഇത്തരം പണികളെല്ലാം തമിഴ്‌നാട് നടത്തിയത്. ഇതിനായി ലക്ഷങ്ങള്‍ തമിഴ്‌നാട് ചെലവഴിച്ചു. മേല്‍നോട്ടസമിതി അണക്കെട്ടിലും ബേബി ഡാമിലും സന്ദര്‍ശനം നടത്തി. ഗാലറിയിലും കയറി. എന്നാല്‍ സ്പില്‍വേ സന്ദര്‍ശിച്ചില്ല.