കരുണാനിധിയുടെ സ്ഥിതി അതീവ ഗുരുതരം ; വരും മണിക്കൂറുകള്‍ നിര്‍ണ്ണായകം

തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ നില അതീവ ഗുരുതരം‍. തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി ഇപ്പോള്‍. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. പ്രായാധിക്യവും രോഗങ്ങളുമാണ് ഇതിന് വെല്ലുവിളി ആകുന്നതു.

നേരത്തെ ദേശീയ നേതാക്കള്‍ അടക്കമുള്ളവര്‍ കരുണാനിധിയെ ആശുപത്രയിലെത്തി കണ്ടിരുന്നു. കരുണാനിധി രോഗബാധിതനായി ആശുപത്രിയിലായതിന്റെ ആഘാതത്തില്‍ 21 പാര്‍ട്ടി പ്രവര്‍ത്തകര്‍ മരിച്ചുവെന്ന് മകനും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.മരിച്ച പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഡിഎംകെ ശേഖരിച്ചിട്ടുണ്ട്. വിവരങ്ങള്‍ പുറത്തുവിടേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വം കൈക്കൊണ്ട തീരുമാനം.

കലൈജ്ഞര്‍ അതീവ ഗുരുതര നിലയില്‍ കഴിയുന്നതിനാല്‍ അണികളുടെ വികാരപ്രകടനങ്ങള്‍ അതിരുവിടാതെ കാക്കുകയെന്ന ദുഷ്‌കര ദൗത്യമാണു പൊലീസിനു മുന്നിലുള്ളത്. അതുകൊണ്ട് തന്നെ കരുണാനിധിയെ പ്രവേശിപ്പിച്ചിരിക്കുന്ന കാവേരി ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് പൊലീസ് നല്‍കിയിരിക്കുന്നത്.