ബ്ലൂ വെയിലിന് ശേഷം കുട്ടികളില്‍ ആത്മഹത്യാ പ്രവണതയുണ്ടാക്കി മോമോ ഗെയിം ; മുന്നറിയിപ്പുമായി ലോകരാജ്യങ്ങള്‍
ലോകം ഭയന്ന ബ്ലൂ വെയില്‍ എന്ന ഭീകര ഗെയിമിന് ശേഷം കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന ഒരു ഗെയിം കൂടി. ‘മോമോ ചാലഞ്ച്’ എന്ന പേരില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഗെയിം കഴിഞ്ഞ ആഴ്ചകളിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
വാട്സ് ആപ്പ് വഴിയാണ് ഗെയിം പ്രചരിക്കുന്നത്. ഗെയിമില്‍ താത്പര്യമുള്ള ഉപയോക്താക്കളോട് ആദ്യം മോമോ എന്ന പേരിലുള്ള ആളെ ബന്ധപ്പെടണം എന്ന് പറഞ്ഞാണ് ഗെയിം തുടങ്ങു ന്നത്. മെസ്സേജുകളും മറ്റു പേടിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും മോമോ തിരിച്ചയ്ക്കും. പലരിലും ആത്മഹത്യാ പ്രവണത തന്നെ ഇതുണ്ടാക്കും. പേഴ്സണലൈസ്ഡ് ഗെയിമായതിനാൽ തന്നെ വ്യക്തികളില്‍ ഗെയിമിന് സ്വാധീന ശക്തിയും കൂടുതലാണ്.
ജപ്പാനീസ് ആര്‍ട്ടിസ്റ്റ് ആയ മിഡോരി ഹയാഷിയുടെ പ്രശസ്തമായ ശില്‍പത്തിന്റെ മുഖമാണ് ഈ ഗെയിമിലെ മോമോയുടെ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രം ആദ്യ കാഴ്ച്ചയില്‍ തന്നെ ഭീതി ജനിപ്പിക്കുന്ന ഒന്നാണ്.
മെക്‌സിക്കന്‍ കമ്പ്യൂട്ടര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ അന്വേഷണ പ്രകാരം ഫെയ്‌സ്ബുക്കിലാണ് ഇത് ആദ്യം ആരംഭിച്ചതെന്ന് പറയുന്നു. അടുത്തിടെ അര്‍ജന്റീനയില്‍ 12കാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഈ മരണത്തിന് മരണക്കളിയായ മോമോയുമായി ബന്ധമുണ്ടോ എന്ന അന്വേഷണം അര്‍ജീന്റീനയില്‍ നടന്നുവരികയാണ്.