വണ്ണപ്പുറം കൂട്ടക്കൊലപാതകം ; മുഖ്യപ്രതി പിടിയില്‍ ; കൊല നടത്തിയത് മാന്ത്രിക സിദ്ധിനേടാന്‍
ഇടുക്കി തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കൂട്ടകൊലപാതകത്തിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍. കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായ അടിമാലിക്കാരനായ അനീഷും സഹായിയായ കാരിക്കോട് സ്വദേശിയായ സുഹൃത്ത് ലിബീഷും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ മാസം 29-നായിരുന്നു ഇവര്‍ കൃത്യം നടത്തിയത്. കൊല്ലപ്പെട്ട കൃഷ്ണനെ പോലെ തന്നെ പൂജകളും ആഭിചാരക്രിയകളും നടത്തിയിരുന്ന ആളാണ് അനീഷും . മൂന്ന് വര്‍ഷത്തോളം ഇയാള്‍ കൃഷ്ണന്‍റെ സഹായിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
തുടര്‍ന്ന്‍ പിന്നീട് മറ്റു പൂജാരികളില്‍ നിന്നും ആഭിചാരക്രിയകള്‍ പഠിച്ച ശേഷം അനീഷ് സ്വന്തമായി പൂജാ കര്‍മ്മങ്ങള്‍ തുടങ്ങി. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി അനീഷ് നടത്തിയ കര്‍മ്മങ്ങള്‍ക്ക് ഒന്നും ഫലം കാണാതെ വരികയും ഇതിനു പിന്നില്‍ കൃഷ്ണനാണ് എന്ന് അനീഷ് കരുതുകയും ചെയ്തു.
കൃഷ്ണനെ കൊലപ്പെടുത്തിയാല്‍ ആ ശക്തികള്‍ തനിക്ക് ലഭിക്കും എന്ന് വിശ്വസിച്ച അനീഷ് കൃഷ്ണനില്‍ നിന്ന് ശക്തിയും മാന്ത്രിക സിദ്ധിയും കൈവശപ്പെടുത്തുന്നതിനും ഒപ്പം സ്വര്‍ണാഭരണങ്ങള്‍ കവരാനും കൂടിയാണ് കൊലപാതകം നടത്തിയത്. ഇതിനായി ആറുമാസം മുമ്പേ ലിബീഷുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നു.
പോലീസ് പറയുന്നത് :
29-ന് അനീഷ് അടിമാലിയില്‍ നിന്ന് തൊടുപുഴയിലെത്തി. ലിബീഷ് ബുള്ളറ്റിന്റെ ഷോക്കബ്‌സോര്‍ബറിന്റെ രണ്ടു പൈപ്പുകളുമായിട്ടാണ് എത്തിയത്. അന്ന് രാത്രി നന്നായി മദ്യപിച്ച ഇരുവരും 12 മണിക്ക് ശേഷമാണ് കൃഷ്ണന്റെ വീട്ടിലെത്തിയത്.
വീട്ടിലേക്ക് ചെന്ന് ആദ്യം വൈദ്യുതി വിഛേദിച്ചു. പുറകിലേക്ക് ചെന്ന് ആടിനെ ദ്രോഹിച്ചു. കൃഷ്ണന്‍ പുറത്തിറങ്ങാനായിരുന്നു ഇത്. അനീഷും ലിബീഷും അടുക്കള വാതിലിന്റെ ഭാഗത്ത് പതുങ്ങിനിന്നു. വാതില്‍ തുറന്ന് ഇറങ്ങിയ കൃഷ്ണനെ പൈപ്പ് കൊണ്ടടിച്ചു. പിറകെ വന്ന സുശീലയേയും അടിച്ചുവീഴ്ത്തി. കൃഷ്ണനെ അടിച്ചത് അനീഷും സൂശീലയെ ലിബീഷുമാണ് അടിച്ചുവീഴ്ത്തിയത്. തടുക്കാന്‍ ശ്രമിച്ച സുശീലയെ പുറകെ ചെന്നാണ് അടിച്ചു വീഴ്ത്തിയത്.
ശബ്ദം കേട്ട് കമ്പി വടിയുമായി എത്തിയ മകള്‍ ആഷ അനീഷിനെ അടിച്ചു. വായ് പൊത്താന്‍ ശ്രമിച്ച അനീഷിന്റെ കൈക്ക് ആഷ കടിക്കുകയും ചെയ്തു. പിന്നീട് അടുക്കള ഭാഗത്ത് വെച്ച് ആഷയെ അടിച്ചു വീഴ്ത്തി. പുറകെ വന്ന അര്‍ജുനേ അടിച്ചെങ്കിലും അകത്തേക്കോടി. പിറകെ ചെന്ന ഇവര്‍ വാക്കത്തി ഉപയോഗിച്ചാണ് അര്‍ജുനെ കൊലപ്പെടുത്തിയത്.
ചുറ്റികയും വാക്കത്തിയും ഉപയോഗിച്ച് എല്ലാവരുടേയും മരണം ഉറപ്പാക്കിയ ശേഷം അകത്തുണ്ടായിരുന്ന കുറച്ച് പണവും ആഭരണങ്ങളും കൈവശപ്പെടുത്തി. കൊലപാതകം നടന്ന വീടും ചുറ്റുപാടുമുള്ള വീടുകളും തമ്മില്‍ നല്ല ദൂരം ഉള്ളത് ഇവരുടെ നിലവിളികള്‍ പോലും ആരും കേള്‍ക്കാതിരിക്കാന്‍ കാരണമായി.