ട്രോളി ട്രോളി ദശമൂലം സിനിമയാകുന്നു ; നായകന്‍ സുരാജ് തന്നെ ; കൂട്ടിന് രമണനും മണവാളനും കാണുമോ

സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരുടെ പ്രിയ താരമായ ദശമൂലം ദാമു സിനിമയാകുന്നു. 2009 ല്‍ തിയേറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ ചട്ടമ്പിനാടില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ഹാസ്യകഥാപാത്രമായിരുന്ന ദാമു ഈയടുത്ത കാലത്തായി വളരെ പെട്ടെന്നാണ് ട്രോളന്മാരുടെ ഹൃദയത്തില്‍ ഇടം നേടിയത്.

ഏവരുടെയും ഇഷ്ടകഥാപാത്രമായ ദാമുവിനെ നായകനാക്കി ഒരു സിനിമയെടുക്കണമെന്ന് സംവിധായകന്‍ ഷാഫിയോട് അടുത്തിടെ ട്രോളന്മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം സംവിധായകന്‍ വ്യക്തമായി മറുപടി ആദ്യം നല്‍കിയിരുന്നില്ല,

ഇപ്പോഴിതാ ദശമൂലം ദാമു എന്ന ടൈറ്റില്‍ തന്നെ വൈകാതെ ഒരു ചിത്രമുണ്ടാവുമെന്ന സൂചനയുമായി സംവിധായകന്‍ ഷാഫി രംഗത്തെത്തിയിരിക്കുകയാണ്. ചട്ടമ്പിനാടിലെ ദശമൂലം ദാമുവിനെ ടൈറ്റില്‍ റോളില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം താമസിക്കാതെ തന്നെ ഉണ്ടാകുമെന്നാണ് സംവിധായകന്‍ പറയുന്നത്. ദാമുവിനെ നായകനാക്കി ചെയ്യാന്‍ പറ്റിയ ഒരു കഥ തന്റെ പക്കലുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.

ഹാസ്യത്തിന് മുന്‍തൂക്കം നല്‍കി ദശമൂലം ദാമുവിന്റെ കഥയെക്കുറിച്ച് സുരാജിനെ അറിയിച്ചെന്നും താരം വളരെ സന്തോഷത്തിലാണെന്നും ഷാഫി പറയുന്നു. ഒരു ബോംബ് കഥയ്ക്ക് ശേഷം ധാരാളം ചിത്രങ്ങള്‍ അണിയറയിലുണ്ടെന്നും എങ്ങിനെ തുടങ്ങണമെന്ന ആശങ്കയിലാണ് താനെന്നും എന്നാല്‍ സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഒട്ടും വൈകിപ്പിക്കാതെ തന്നെ ദശമൂലം ദാമുവിന്റെ വര്‍ക്കുകളിലേക്ക് കടക്കുമെന്നും ഷാഫി പറഞ്ഞു.

ദാമു സിനിമ ആകുന്നു എങ്കില്‍ അതില്‍ രമണനും മണവാളനും കൂടി അവസരം കൊടുക്കണം എന്നാണു ഇപ്പോള്‍ ട്രോളന്മാരുടെ ആവശ്യം. നേരത്തെ ഷാഫിയുടെ ഒരു ചിത്രത്തില്‍ അതിഥിയായി രമണന്‍ എത്തിയിരുന്നു എങ്കിലും ചിത്രം വിജയിച്ചിരുന്നില്ല.