അണ്ടര്‍-16 ഫുട്ബോളില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ചുണക്കുട്ടികള്‍
പശ്ചിമേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ (ഡബ്ല്യു.എ.എഫ്.എഫ്.) അണ്ടര്‍-16 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് മൂന്നാം ജയം. ഹര്‍പ്രീത് സിംഗ്, റിഡ്ജ് ദെമല്ലോ, രോഹിത് ദാനു എന്നിവരാണ് ഇന്ത്യക്കു വേണ്ടി യെമനെതിരെ ഗോളുകള്‍ നേടിയത്. ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്ന യെമനെ ഒന്നു പൊരുതാന്‍ പോലും വിടാതെയാണ് ഇന്ത്യന്‍ കുട്ടിപ്പട തകര്‍ത്തു വിട്ടത്. ടൂര്‍ണമെന്റിലാകെ ഒരു മത്സരം മാത്രമാണ് ഇന്ത്യ തോറ്റത്. കരുത്തരായ ജപ്പാനെതിരെയായിരുന്നു ഇന്ത്യയുടെ തോല്‍വി.
അവസാന മത്സരത്തില്‍ യമനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇന്ത്യന്‍ കൗമാരസംഘം തകര്‍ത്തത്. മുപ്പത്തിയെട്ടാം മിനുട്ടില്‍ ഗിവ്‌സണ്‍ സിംഗ് എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഹര്‍പ്രീത് സിംഗ് ഇന്ത്യക്കു വേണ്ടി ആദ്യ ഗോള്‍ നേടിയത്. നാല്‍പത്തിയെട്ടാം മിനുട്ടില്‍ ദെമല്ലോ ഇന്ത്യക്കു വേണ്ടി രണ്ടാമത്തെ ഗോള്‍ നേടി. രണ്ടു മിനുട്ടിനകം തന്നെ ഇന്ത്യയുടെ മൂന്നാം ഗോളും പിറന്നു. പിന്നീട് തിരിച്ചു വരാന്‍ യെമന്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. അവസാന മത്സരത്തിലും ജയം നേടിയതോടെ ജപ്പാനു പിറകില്‍ വാഫ് ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനം നേടാന്‍ ഇന്ത്യക്കായി. കഴിഞ്ഞ മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖിനെ ഒരു ഗോളിനു തോല്‍പിച്ചതിനു ശേഷമാണ് യെമനെതിരെയും ഇന്ത്യ വിജയം നേടിയത്. ജയിച്ച മൂന്നു മത്സരങ്ങളിലും ഇന്ത്യ ഗോള്‍ വഴങ്ങിയിട്ടില്ലെതും ടീമിന്റെ ശ്രദ്ധേയമായ നേട്ടമാണ്.