ബോട്ടില്‍ കപ്പലിടിച്ചു മൂന്നുപേര്‍ മരിച്ചു ; എട്ടുപേരെ കാണ്മാനില്ല

പുറം കടലില്‍ മീന്‍ പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു പേര്‍ മരിച്ചു. എട്ടുപേരേ കാണ്മാനില്ല. 14 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലിൽ ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. തിങ്കളാഴ്ച വൈകിട്ട് ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ഓഷ്യാനസ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

തമിഴ്‌നാട് സ്വദേശികളായ യാക്കോബ്‌, മണിക്കുടി, യുഗനാഥന്‍ എന്നിവരാണ് മരിച്ചത്. ബോട്ടിലുള്ളവരില്‍ 11 പേര്‍ തമിഴ്‌നാട്ടുകാരാണ്. 2 പേര്‍ ബംഗാളില്‍ നിന്നുള്ളവരും ഒരാള്‍ മലയാളിയുമാണ്. മുനമ്പം സ്വദേശിയായ പി.വി ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്. ഇടിയില്‍ ബോട്ട് നിശ്ശേഷം തകര്‍ന്നു. മുംബൈ ആസ്ഥാനമായുള്ള എം.വി ദേശ് ശക്തി എന്ന കപ്പലാണ് ഇടിച്ചത്.

ചെന്നൈയില്‍ നിന്നും ഇറാഖിലെ ബസ്രയിലേക്ക് പോകുകയായിരുന്നു ഈ കപ്പലെന്നാണ് ലഭിക്കുന്ന വിവരം ബോട്ട് തകരുമ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ബോട്ടാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് മറ്റു ബോട്ടുകളും എത്തുകയായിരുന്നു. കാണാതായവര്‍ക്ക് വേണ്ടി നാല്പതോളം ബോട്ടുകള്‍ ഇപ്പോള്‍ തിരച്ചില്‍ നടത്തുകയാണ്. മരിച്ചവരുടെ മൃതദേഹം കരയില്‍ എത്തിച്ചിട്ടുണ്ട്.