വെടിവെച്ചത് മോഹന്‍ലാലിനെ അല്ല പിണറായിയെ : അലന്‍സിയര്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ വേദിയില്‍ നടന്‍ മോഹന്‍ലാലിനെതിരെ ‘കൈ തോക്ക്’ ചൂണ്ടിയ സംഭവത്തില്‍ വിശദീകരണവുമായി അലന്‍സിയര്‍. താന്‍ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക മന്ത്രി എ കെ ബാലനുമെതിരെയാണ് ‘കൈ തോക്ക്’ ചൂണ്ടിയത്‌ എന്ന് അലന്‍സിയര്‍ വ്യക്തമാക്കി.

‘ഞാന്‍ മോഹല്‍ലാലിനെതിരെ തോക്ക് ചൂണ്ടിയിട്ടില്ല. ചിലര്‍ ഇത് ദുര്‍വ്യാഖ്യാനം ചെയ്തു. ഞാന്‍ മുഖ്യമന്ത്രിക്കും സാസ്‌കാരിക മന്ത്രിക്കും എതിരെയാണ് വെടിവെച്ചത്. നമ്മുടെ സമൂഹത്തിനെതിരെയാണ് ഞാന്‍ വെടിവെച്ചത്. നിങ്ങള്‍ നിങ്ങളുടെ ജീവിക്കുന്ന സമൂഹത്തില്‍ ആരോടെങ്കിലും കടപ്പെട്ടിരിക്കുന്നുണ്ടെങ്കില്‍ ഇങ്ങനെയുള്ള കുഞ്ഞു കുഞ്ഞു പ്ലേ എങ്കിലും ചെയ്യൂ.

ഞാനൊരു നാടകക്കാരനായതുകൊണ്ട് അത്രയും ചെയ്തുയെന്നേയുള്ളൂ. ഇത് ലാലേട്ടന് എതിരായിട്ടുള്ള ഒരു പ്രതിഷേധമല്ല. ആ വേദിയിലിരുന്ന, സദസിലിരുന്ന നമ്മുടെ സമൂഹത്തിന് നേരെയുള്ള പ്രതിഷേധമാണ് ഞാന്‍ കാണിച്ചത്’- അലന്‍സിയര്‍ പറഞ്ഞു.

തന്റെ പ്രവൃത്തിയില്‍ പ്രതിഷേധസൂചകമായി എന്തെങ്കിലും കാണേണ്ടതില്ലെന്ന് അലന്‍സിയര്‍ പറഞ്ഞിരുന്നു. ആ നിമിഷം എന്താണു ചെയ്തതെന്നു വ്യക്തമായ ഓര്‍മയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതിന് പിന്നാലെയാണ് മോഹന്‍ലാലിനെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് വെടിവെച്ചതെന്നുള്ള വിവാദ പരാമര്‍ശം.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരന്‍ എംഎല്‍എ തുടങ്ങിയവര്‍ വേദിയിലിരിക്കെയായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം. മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം.

പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകള്‍ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിര്‍ക്കുകയായിരുന്നു. മോഹന്‍ലാല്‍ പറഞ്ഞുകൊണ്ടിരിക്കുന്നതു കള്ളമെന്ന ഭാവേനയായിരുന്നു മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയ അലന്‍സിയറുടെ പ്രവൃത്തി.