കനത്ത മഴ ; നെടുമ്പാശ്ശേരിയില്‍ വിമാനം ഇറക്കുന്നത് നിര്‍ത്തി

ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാന സര്‍വീസ് ഭാഗികമായി നിര്‍ത്തിവെച്ചു. കനത്ത മഴയെ തുടര്‍ന്ന് ഡാമുകള്‍ തുറന്ന് വിടുകയും പെരിയാറില്‍ വെള്ളം നിറയുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനത്താവളത്തില്‍ വെള്ളം കയറുമെന്ന ആശങ്കയില്‍ വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചത്.

1.10 മുതലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് അടിയന്തരമായി നിര്‍ത്തി വെച്ചത്. ഇന്ന് രാവിലെ ഇടമലയാര്‍ അണക്കെട്ട് തുറന്നപ്പോള്‍ തന്നെ പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ആലുവാ മണപ്പുറം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഇപ്പോള്‍ തന്നെ വെള്ളത്തിന് അടിയിലായി. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിന് കീഴിലായി.

നെടുമ്പാശേരി വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം പെരിയാറിനോട് അടുത്തായതിനാലാണ് മുന്നൊരുക്കം എന്ന നിലയില്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ് നിര്‍ത്തി വെച്ചിരിക്കുന്നത്. റണ്‍വേയില്‍ വെള്ളം കയറിയിട്ടില്ല. എന്നാല്‍ ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ എന്ന് പരിശോധിച്ച ശേഷമേ ഇനി വിമാനങ്ങളുടെ ലാന്‍ഡിങ് അനുവദിക്കൂ. അതേസമയം ഇവിടെ നിന്ന് വിമാനങ്ങള്‍ പുറപ്പെടുന്നത് തടസ്സമില്ലാതെ തുടരും.