26 വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നു: ജാഗ്രത നിര്‍ദ്ദേശം

ചെറുതോണി: അണക്കെട്ടിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ എന്ന നിലയില്‍ ഇടുക്കി ഡാമിന്റെ ഷട്ടര്‍ 26 വര്‍ഷത്തിന് ശേഷം വീണ്ടും തുറന്നു. ഡാം നിര്‍മിച്ച ശേഷം മൂന്ന് തവണ മാത്രമാണ് ഇതുവരെ ഷട്ടര്‍ തുറന്നത്.

ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍ 50 സെന്റി മീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളം നാലു മണിക്കൂര്‍ പുറത്ത് വരയും. വൈദ്യുതമന്ത്രി എംഎം മാണി, ജില്ലാ കളക്ടര്‍ ജീവന്‍ ബാബു എന്നിവരുടെ സാന്നിധ്യത്തിലാണ് അണക്കെട്ട് തുറന്നത്. ചരിത്ര നിമിഷത്തിനു സാക്ഷിയാകാന്‍ നിരവധിപേരും ഡാം പരിസരത്ത് എത്തിയിരുന്നു.

അതേസമയം വെള്ളത്തില്‍ ഇറങ്ങരുത്, മീന്‍ പിടിക്കരുത്, സെല്‍ഫി എടുക്കരുത് എന്നിങ്ങനെ നിര്‍ദേശങ്ങള്‍ ജില്ലാ ഭരണകൂടം നല്കിയിട്ടിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഡാമിന് പരിസരത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡാം തുറന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതനം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.