മനുഷ്യന്‍ വെട്ടിപിടിച്ചത് എല്ലാം തിരിച്ചെടുത്ത്‌ പുഴകള്‍ ; 24 ഡാമുകളും തുറന്നു വിട്ടു ; ഇടുക്കിയിലെ ഷട്ടറുകള്‍ അടയ്ക്കില്ല

വികസനത്തിന്‍റെ പേരില്‍ വയലുകളും കുളങ്ങളും പുഴകളും കായലുകളും മണ്ണിട്ട്‌ നികത്തി കയ്യേറിയ മനുഷ്യന്റെ അത്യാര്‍ത്തിക്ക് പ്രകൃതി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ കേരളം അനുഭവിക്കുന്നത്. കനത്ത മഴയില്‍ സംസ്ഥാനത്തിലെ മിക്ക ജില്ലകളും വെള്ളത്തിനടിയിലാണ്. തിരുവനന്തപുരം മാത്രമാണ് അല്പം എങ്കിലും രക്ഷപ്പെട്ടു നില്‍ക്കുന്നത്.

എന്നാല്‍ തിരുവനന്തപുരത്തും തീരദേശമേഖലകളില്‍ കനത്ത കടലാക്രമണമാണ് തുടര്‍ന്ന് വരുന്നത്. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഉള്ളതില്‍ 24 അണക്കെട്ടുകളും തുറന്നു വിട്ട നിലയിലാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ ട്രയര്‍ റണ്ണിന് വേണ്ടി തുറന്ന ഷട്ടറുകള്‍ അടയ്ക്കുവാന്‍ കഴിഞ്ഞിട്ടില്ല.

ഇടുക്കിയില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിട്ടും ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. മൂലമറ്റത്ത് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ ആവശ്യമായതിനേക്കാള്‍ ഏതാണ്ട് അഞ്ചിരട്ടി വെള്ളമാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിഞ്ഞേ ഡാം തുറക്കാവൂ എന്നാണ് ചട്ടം.

മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഏര്‍പ്പെട്ട സ്ഥലങ്ങളിലൊന്നാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍. നിലമ്പൂര്‍ വഴികടവ് വഴിയുള്ള ചരക്ക് ലോറി ഗതാഗതം തടയുമെന്ന് ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. മഴയില്‍ റോഡുകള്‍ തകരുന്ന സാഹചര്യം കണക്കിലെടുത്താണ് സ്പീക്കറുടെ ഈ തീരുമാനം. നിലമ്പൂര്‍ വണ്ടൂര്‍ റോഡിലെ വടക്കുംപാടം നായാട്ടുകല്ലില്‍ മഴവെള്ളത്തില്‍ റോഡ്‌ തകര്‍ന്ന് പുഴയായി മാറി.

അതുപോലെ വ്യാഴാഴ്ച്ച മാത്രം മഴക്കെടുതിയില്‍ 22 പേരാണ് മരിച്ചത്. കാണാതായ നാലുപേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടി. സംസ്ഥാനത്തെ സ്ഥിതി അതിഗുരുതരമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായത്.

നാലിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേര്‍ മരിച്ചു. അടിമാലിയില്‍ മാത്രം കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. മലപ്പുറം ചെട്ടിയാമ്പാറയില്‍ ഉരുള്‍പൊട്ടി അഞ്ചുപേര്‍ മരിച്ചു. വയനാട്ടില്‍ മൂന്നു പേരും കോഴിക്കോട് ജില്ലയില്‍ ഒരാളും മരിച്ചു. എറണാകുളം ജില്ലയിലെ ഐരാപുരത്ത് രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു.

പാലക്കാട് നഗരത്തില്‍ വെള്ളം കയറി. മലമ്പുഴ ഡാം തുറന്നു വിട്ടതിനാല്‍ ഭാരതപ്പുഴയിലും കല്‍പ്പാത്തിപ്പുഴയിലും ജലനിരപ്പുയര്‍ന്നു. പെരിങ്ങല്‍കുത്ത്, ഷോളയാര്‍ ഡാമുകള്‍ തുറന്നതോടെ ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് സന്ദര്‍ശകരെ വിലക്കി.

കനത്ത മഴയില്‍ പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നത് കൂടാതെ മഴവെള്ളത്തിനു ഒലിച്ചുപോകുവാനുള്ള സൌകര്യം ഇല്ലാത്തതാണ് പല നഗരങ്ങളും വെള്ളത്തിനടിയിലാകുവാന്‍ കാരണമായത്. കനത്ത മഴപെയ്താല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സര്‍ക്കാരോ ബന്ധപ്പെട്ട അധികാരികളോ സ്വീകരിച്ചുമില്ല. ഇത് തന്നെയാണ് നാശനഷ്ടകണക്ക് വര്‍ധിക്കാന്‍ കാരണമായത്.