തുടര്‍ച്ചായ ഉരുള്‍ പൊട്ടലുകള്‍ ; മുഖ്യകാരണം മനുഷ്യര്‍ മാത്രം
ചരിത്രത്തിലുണ്ടാവാത്ത വിധം ഉരുള്‍പൊട്ടല്‍ തുടര്‍ച്ചയായ പശ്ചിമഘട്ട മലനിരകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് മനുഷ്യന്റെ കൈയ്യേറ്റങ്ങള്‍ തന്നെ. ജലത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടസപ്പെടുത്തി ഇടുക്കിയിലും വയനാട് നീലഗിരി കുന്നുകളിലും റിസോര്‍ട്ടുകളും വന്‍ നിര്‍മ്മിതികളും ഉയര്‍ന്നപ്പോള്‍ ഒഴുകിപോകാനാകാതെ കെട്ടികിടന്ന ജലം പലയിടത്തും ബോംബായി മാറുകയായിരുന്നു. ഇതുകാരണം സാധാരണക്കാരായ പലര്‍ക്കും നഷ്ടമായത് സ്വത്തും ജീവനും.
അതിന്റെ ഉത്തമ ഉദാഹരണമാണ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ട പള്ളിവാസലിലെ പ്ലംജുഡി റിസോര്‍ട്ടിന് സമീപം ഉണ്ടായ ഉരുള്‍പൊട്ടല്‍. ഇന്നലെ വൈകിട്ട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ റിസോര്‍ട്ടിലേക്കുള്ള ഏക വഴി പൂര്‍ണമായും ഒലിച്ചു പോയി. ഈ സാഹചര്യത്തില്‍ റിസോര്‍ട്ടിനുള്ളില്‍ താമസിക്കാന്‍ എത്തിയ വിദേശികള്‍ അടക്കം നിരവധി പേരാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. 50 പേരോളമാണ് ഇവിടെ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കിയത്. ഉത്തരവിനെതിരെ റിസോര്‍ട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലും റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ തന്നെ ആയിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍, മേല്‍ക്കോടതിയെ സമീപിച്ച് റിസോര്‍ട്ട് ഉടമകള്‍ അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.
ഇവിടെ പാറക്കല്ലുകള്‍ വീഴാന്‍ ഇനി സാധ്യത ഇല്ലെന്ന കര്‍ണാടകയിലെ സൂറത്കല്‍ എന്‍.ഐ.ടിയിലെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. ഈ സ്ഥലത്താണ് ഇപ്പോള്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. ഇവിടെ കുടുങ്ങി കിടക്കുന്നവരെ മറ്റ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇതിനിടെ, ആനകളുടെ സ്വാഭാവിക വഴിയായ ആനത്താരകള്‍ കൈയ്യേറി നിര്‍മ്മിച്ച തമിഴ്നാട്ടിലെ നീല്‍ഗിരി മലനിരകളിലെ 27 റിസോര്‍ട്ടുകള്‍ പൂട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കാനും പരാജയപ്പെട്ടാല്‍ ഉടന്‍ അടച്ചു പൂട്ടാനും മറ്റൊരു 12 റിസോര്‍ട്ടുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, എസ് അബ്ദുള്‍ നസീര്‍, ദീപക് ഗുപ്ത എന്നിവരുള്‍പ്പെടുന്ന ബഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ദേശീയ പൈതൃകങ്ങളാണ് ആനകളെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു അവയുടെ സൈ്വര വിഹാരത്തിന് തടസമുണ്ടാക്കുന്ന നിര്‍മ്മിതികള്‍ അടച്ച് പൂട്ടാന്‍ ആവശ്യപ്പെട്ടത്. നീലഗിരി കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇത്തരത്തിലുള്ള 39 റിസോര്‍ട്ടുകളാണുണ്ടായിരുന്നത്. കളക്ടറോട് ഈ റിസോര്‍ട്ടുകള്‍ അടച്ചു പൂട്ടാന്‍ കോടതി നിര്‍ദ്ദേശിച്ചു.
കൂടാതെ ഈക്കാര്യത്തില്‍ ആവശ്യമായ നടപടി കൈക്കൊള്ളാന്‍ സംസ്ഥാനസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ആനകളുടെ സുരക്ഷിതമായ പാതയ്ക്ക് വിഘാതമായി നില്‍ക്കുന്നതടക്കമുള്ള പാരിസ്ഥിതിക കൈയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതി 22 സംസ്ഥാനങ്ങളിലായി ഏതാണ്ട് 27 ക്രിട്ടിക്കല്‍ മേഖല കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അധികം സംസ്ഥാന സര്‍ക്കാരുകളും ഇതിനോട് പ്രതികരിച്ചിട്ടില്ല.