സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രളയവീഡിയോയും വാര്‍ത്തകളും ; നടപടി എടുക്കുമെന്ന് ഡി ജി പി

സംസ്ഥാനത്ത് കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വ്യാജവാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ.

മഴ കനത്തതോടെ മറ്റിടങ്ങളില്‍ നടന്ന സംഭവങ്ങള്‍ കേരളത്തിലേത് എന്ന പേരില്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ് ചിലര്‍. ചാലിയാര്‍ പുഴയിലൂടെ ഒഴുകി വരുന്ന മാനുകള്‍ എന്ന് പറഞ്ഞ് ഒഡീഷയിലെ വെള്ളപ്പൊക്കത്തിന്റെ വിഷ്വലുകളാണ് ചില വ്യാജ പേജുകള്‍ പ്രചരിപ്പിച്ചത്. കുറച്ച് പേരെങ്കിലും ഇതൊക്കെ വിശ്വസിക്കുകയും ചെയ്തിട്ടുണ്ട്.

ഇത് പോലെ തന്നെയാണ് വാട്ട്‌സ്ആപ്പിലൂടെ പ്രചരിക്കുന്ന ചില ചിത്രങ്ങളും. 2013ലെ വെള്ളപ്പൊക്കത്തില്‍ കളമശേരിയിലുള്ള റിനോ കാറുകളുടെ യാര്‍ഡില്‍ വെള്ളം കയറിയിരുന്നു. ആ ചിത്രമാണ് ഇപ്പോള്‍ ആളുകള്‍ വാട്ട്‌സ്ആപ്പിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇങ്ങനെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെയാണ് നടപടി സ്വീകരിക്കുക.