രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്രം ; കേരളത്തിനും ജാഗ്രതാ നിര്‍ദേശം

രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടു ദിവസത്തേക്ക് അതിശക്തമായ മഴയുണ്ടാകുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എന്‍ഡിഎംഎ) മുന്നറിയിപ്പ്. കേരളം, തമിഴ്നാട്, കര്‍ണാടക, ഉത്തരാഖണ്ഡ്, ബംഗാള്‍, സിക്കിം, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണു മുന്നറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കരുതുന്നത്. ഉത്തരാഖണ്ഡിന്റെ പല ഭാഗങ്ങളിലും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. അറബിക്കടലിന്റെ പടിഞ്ഞാറ്, മധ്യഭാഗങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ അറബിക്കടലിന്റെ മധ്യഭാഗങ്ങളിലേക്കു പോകരുതെന്നും നിര്‍ദേശമുണ്ട്.

ഏഴുസംസ്ഥാനങ്ങളിലെ മഴക്കെടുതികളില്‍ ഇതിനോടകം 718 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദേശീയ ദുരന്ത നിവാരണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച ഉത്തര്‍പ്രദേശ് 171, ബംഗാള്‍ 170, കേരളം 178, മഹാരാഷ്ട്ര 139, ഗുജറാത്തില്‍ 52, അസമില്‍ 44 എന്നിങ്ങനെയാണു വിവിധ സംസ്ഥാനങ്ങളിലെ മരണനിരക്ക്. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വയനാട്, ഇടുക്കി, ആലപ്പുഴ,കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഓഗസ്റ്റ് 15 വരെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാകലക്ടര്‍മാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴാന്‍ തുടങ്ങിയത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.