കനത്തമഴ ; മരണം 31, അഞ്ച് പേരെ കാണ്മാനില്ല , ക്യാമ്പുകളില്‍ കഴിയുന്നത് 60622 പേര്‍
കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 31 ആയി. കഴിഞ്ഞ ദിവസം 29 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആലപ്പുഴയിലാണ് ഇന്നു രണ്ടു പേര്‍ കൂടി മരിച്ചത്. ഇടുക്കിയില്‍ മൂന്നു പേരേയും മലപ്പുറത്തും പാലക്കാട്ടും ഓരോരുത്തരെയും കാണാതായി. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 513 ക്യാമ്പുകളിലായി 60622 പേര്‍ കഴിയുന്നു. ആലപ്പുഴ ജില്ലയില്‍ നേരത്തെയുണ്ടായ മഴക്കെടുതിയെ തുടര്‍ന്ന് ആരംഭിച്ച ക്യാമ്പുകളില്‍ കഴിയുന്നവരുള്‍പ്പെടെയാണിത്.
1501 വീടുകള്‍ ഭാഗികമായും 101 എണ്ണം പൂര്‍ണമായും നശിച്ചിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, ആലുവ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ആര്‍മിയെ വിന്യസിച്ചിട്ടുള്ളത്. വായൂസേനയുടെ രണ്ട് എ. എന്‍ 32 സുലൂരില്‍ സജ്ജമാണ്. വയനാട്, ആലുവ, കൊച്ചി എന്നിവിടങ്ങളിലാണ് നേവിയിലെ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ദുരന്തം നേരിടുന്നതില്‍ കേരളം ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിലൂടെ ഒരു പരിധിവരെ ദുരന്തം അതിജീവിക്കാന്‍ സാധിച്ചു. ദുരിതാശ്വാസ ക്യാമ്പുകളെല്ലാം മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഴക്കെടുതി വിലയിരുത്താനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലുവയില്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മഴക്കെടുതിയില്‍ നിന്നും രക്ഷനേടാന്‍ കേരളത്തിന് അടിയന്തിര സഹായം നല്‍കണം എന്ന് കോണ്ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.