വിരാട് കോഹ്ലിയായി ദുല്‍ക്കര്‍ വീണ്ടും ബോളിവുഡില്‍

ആദ്യ ചിത്രം റിലീസ് ആയതിനു പിന്നാലെ ദുല്‍ക്കര്‍ നായകനാകുന്ന രണ്ടാമത്തെ സിനിമയും ബോളിവുഡില്‍ ഒരുങ്ങുന്നു. സോയാ ഫാക്ട്ടര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം വിരാട് കോലിയുടെ വേഷത്തില്‍ ദുല്‍ഖര്‍ എത്തുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. അനുജ ചൗഹാന്റെ ജനപ്രിയ നോവലായ ദി സോയ ഫാക്ടറില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

സോനം കപൂറാണ് ചിത്രത്തിലെ നായിക. സോനം നേരത്തെ തന്നെ അനുജ ചൗഹാന്റെ ദി സോയ ഫാക്ടറിന്റെയും ബിട്ടോറയുടെയും അവകാശം സ്വന്തമാക്കിയിരുന്നു. ദി സോയ ഫാക്ടര്‍ ചലച്ചിത്രമാവുന്ന കാര്യം അനുജ ചൗഹാന്‍ തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തിനെ അറിയിച്ചത്.

1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതുകൊണ്ടു തന്നെ 2010ലെ ലോകകപ്പിനും സോയ ഫാക്ടര്‍ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആലോചിക്കുന്നതാണ് നോവലിന്റെ കഥ.

തന്‍റെ ആദ്യ ചിത്രമായ കാര്‍വാന്‍ മികച്ച അഭിപ്രായം നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സമയം തന്നെയാണ് രണ്ടാമത്തെ ചിത്രത്തിന്റെ വാര്‍ത്ത പുറത്തു വരുന്നത്. ഇര്‍ഫന്‍ ഖാനും മിഹില പാര്‍ക്കറുമാണ് ചിത്രത്തില്‍ മറ്റു പ്രധാന താരങ്ങള്‍.