സൂര്യന്‍റെ രഹസ്യങ്ങള്‍ അറിയാന്‍ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിജയകരമായി യാത്ര തുടങ്ങി
സൂര്യനെ ലക്ഷ്യമാക്കിയുള്ള നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിക്ഷേപണം വിജയകരമായി നടന്നു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടന്നത്. ശനിയാഴ്ച സാങ്കേതിക തകരാറിനാല്‍ അവസാന മിനിറ്റില്‍ മാറ്റിയ വിക്ഷേപണമാണ് ഇന്ന് വിജയകരമായി നടന്നത്. അപകടകരമായ സൗരവാതത്തിന്റെ ദുരൂഹത ചുരുളഴിച്ചു ഭൗമസുരക്ഷ ഉറപ്പാക്കുകയാണു സൗര്യദൗത്യത്തിലൂടെ നാസ ലക്ഷ്യം വയ്ക്കുന്നത്.
ലോകത്തെ ആദ്യ സൗരദൗത്യമാണ് പാര്‍ക്കര്‍ സോളര്‍ പ്രോബ്. വിക്ഷേപണത്തിനു ശേഷം സൂര്യന്റെ കൊറോണയിലായിരിക്കും പേടകം ഭ്രമണം ചെയ്യുക. ഇതോടെ സൂര്യന്റെ ഏറ്റവും അടുത്ത് എത്തുന്ന ആദ്യത്തെ മനുഷ്യ നിര്‍മിത വസ്തുവെന്ന നേട്ടവും സോളര്‍ പ്രോബിനു സ്വന്തമാകും.
സൂര്യനില്‍ നിന്ന് 61 ലക്ഷം കിലോമീറ്റര്‍ അകലെനിന്നാകും പാര്‍ക്കറിന്റെ നിരീക്ഷണം. ലക്ഷക്കണക്കിനു ഡിഗ്രി സെല്‍ഷ്യസ് വരുന്ന കടുത്ത താപനില അതീജീവിച്ച് സൂര്യന്റെ കൊറോണയെ പാര്‍ക്കര്‍ സൂക്ഷ്മമായി നിരീക്ഷിക്കും. ഇതിലൂടെ സൗരവാതത്തിന്റെ ഉദ്ഭവത്തെപ്പറ്റിയുള്ള വിവരം ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.
സൗരോപരിതലത്തേക്കാള്‍ 300 മടങ്ങ് ഇരട്ടി ചൂടാണ് കൊറോണയില്‍. ഏഴു വര്‍ഷം നീളുന്ന ദൗത്യത്തിനിടയില്‍ 24 തവണ പേടകം കൊറോണയെ കടന്നുപോകും. സൂര്യന്റെ കത്തിക്കാളുന്ന ചൂടില്‍ നിന്നു രക്ഷനേടുന്നതിനായി പേടകത്തില്‍ തെര്‍മല്‍ പ്രൊട്ടക്ഷന്‍ സിസ്റ്റമാണ് സ്ഥാപിച്ചിരിക്കുന്നത്. ഏഴു വര്‍ഷം നീളുന്ന പദ്ധതിക്കൊടുവില്‍ നക്ഷത്രങ്ങളെക്കുറിച്ചു നിലനില്‍ക്കുന്ന ഒട്ടേറെ സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെന്നാണു നാസയുടെ പ്രതീക്ഷ.
സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് 98 ലക്ഷം കിലോമീറ്റര്‍ വരെ അടുത്തുള്ള ഭ്രമണപഥത്തിലായിരിക്കും പേടകം സൂര്യനെ ചുറ്റുക. ഇത്രയും അടുത്തുള്ള ഭ്രമണപഥത്തില്‍ വെച്ച് സൂര്യന്റെ അതിഭീമമായ താപത്തെ നേരിടാന്‍ കഴിയുന്ന താപ പ്രതിരോധ കവചമാണുള്ളത്. അതി ശക്തമായ ചൂടും സൂര്യനില്‍ നിന്നുള്ള വികിരണങ്ങളെയും നേരിട്ട് സൗരവാതങ്ങളെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താന്‍ പേടകത്തിന് സാധിക്കും. 1.5 ബില്യണ്‍ ഡോളറാണ് ചിലവ്.