തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുവാന്‍ ബിജെപി നീക്കം ; നടപടിക്ക് എതിരെ കോണ്ഗ്രസ് രംഗത്ത്
11 സംസ്ഥാനങ്ങളിലേക്ക് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറായി ബിജെപി . 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഈ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു ആക്കുവനാണ് ബിജെപി ആലോചിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന, ബിഹാര്‍ എന്നിവിടങ്ങളില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലേക്ക് വരുന്ന ജനുവരിയോടെ തിരഞ്ഞെടുപ്പ് നടക്കണം. ഇവിടങ്ങളിലെ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറമിലും വരുന്ന ഡിസംബറോടെ നിയമസഭയുടെ കാലാവധി അവസാനിക്കും. ഇവിടെയും ഗവര്‍ണര്‍ ഭരണം കൊണ്ടുവരാന്‍ ആണ് തീരുമാനം.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കാലാവധി അവസാനിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാക്കുന്നതും ബിജെപിയുടെ അജണ്ടയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതുപോലെ 2020 നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ ബിഹാറിലും ബിജെപിക്ക് പദ്ധതിയുണ്ട്.
അതേസമയം കാലാവധി കഴിഞ്ഞ നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടത്താതെ പകരം സംസ്ഥാനങ്ങളില്‍ മാസങ്ങളോളം ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത് നിയമപ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് മുന്‍ ലോകസഭാ സെക്രട്ടറി പി.ഡി.ടി. ആചാരി ചൂണ്ടിക്കാണിക്കുന്നു. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കുന്നത് ഭരണഘടനാ ഭേദഗതിയിലൂടെയായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് ആവശ്യമായി വരുന്ന ഭീമമായ ചിലവ് കുറയ്ക്കാമെന്നാണ് ബിജെപി മുന്നോട്ട് വെക്കുന്നത്.
അതേസമയം തിരഞ്ഞെടുപ്പ് അട്ടിമറിക്കുവാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇതെന്ന് കോണ്ഗ്രസ് ആക്ഷേപിക്കുന്നു.