കനത്ത മഴയില്‍ മൂന്നാര്‍ ഒറ്റപ്പെട്ടു ; ഇടമലയാര്‍ നിറയുന്നു
കാലവര്‍ഷം വീണ്ടും കലിതുള്ളിപ്പെയ്തതോടെ സംസ്ഥാനമാകെ വീണ്ടും ദുരിതത്തിലായി. മാട്ടുപ്പെട്ടി ഡാം തുറന്നതോടെ ഒറ്റപ്പെട്ട മൂന്നാര്‍ നഗരത്തില്‍ സ്വദേശികളും വിദേശികളും അടക്കമുള്ള വിനോദ സഞ്ചാരികള്‍ കുടുങ്ങി. കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയില്‍ പലയിടത്തും വെള്ളം പൊങ്ങിയിട്ടുണ്ട്. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ജലനിരപ്പ് വീണ്ടുമുയര്‍ന്നതിനാല്‍ ഇടുക്കി ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. തൃശൂരും കണ്ണൂരുമായി രണ്ടു പേര്‍ മരിച്ചു. താമരശേരിയിലും വയനാട്ടിലുമായി രണ്ടുപേരെ കാണാതായി.
ഇടമലയാര്‍ നിറഞ്ഞതോടെ പ്രദേശത്ത് നിന്നും അയ്യായിരം പേരെ മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനമായി. ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങിയത് നിലവില്‍ ഒറ്റപ്പെട്ട സ്ഥിതിയിലുള്ള ജില്ലയെ കൂടുതല്‍ ദുരിതത്തിലാഴ്ത്തി. അപ്രതീക്ഷിതമായി വെള്ളം ഒഴുകിവന്നതോടെ പാലക്കാട് ജില്ലയിലെ എല്ലാ ഡാമുകളും തുറന്നു വിട്ടു. നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടായി. ചാലക്കുടിപ്പുഴയും കരകവിഞ്ഞൊഴുകിത്തുടങ്ങിയത് തൃശൂര്‍ ജില്ലയുടെ മലയോര മേഖലയേയും പ്രതിസന്ധിയിലാക്കി. അതിരപ്പിള്ളി മലക്കപ്പാറ വാല്‍പ്പാറ റോഡില്‍ ഗതാഗതം താറുമാറായി.
അതുപോലെ കനത്തമഴയില്‍ പമ്പ, ആനത്തോട് ഡാമുകള്‍ തുറന്നതിനാല്‍ പമ്പയില്‍ വെള്ളപ്പൊക്കം. മരം കടപുഴകി. പാലങ്ങള്‍ അപകടാവസ്ഥയിലായതിനാല്‍ ശബരിമലയിലെ നിറപുത്തരി ആഘോഷത്തിന് വേണ്ട സാധനങ്ങളുമായി സന്നിധാനത്തേക്ക് തിരിച്ച തന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യാത്ര നിര്‍ത്തിവച്ചു. തന്ത്രിയും സംഘവും ഉപ്പുപാറക്കടുത്തുള്ള വനംവകുപ്പിന്റെ പെരിയാര്‍ കടുവാ സങ്കേതം ക്യാമ്പില്‍ താമസിക്കും. കനത്ത മഴയും മൂടല്‍ മഞ്ഞും വന്യമൃഗങ്ങളുടെ ശല്യവും കണക്കിലെടുത്ത് വനം വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യാത്ര നിര്‍ത്തിവച്ചത്.