മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടും ; അടിവാരത്തെ ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങി
കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 137.4 അടിയായി ഉയര്‍ന്നു. ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇന്നു രാത്രി ഒമ്പതിന് മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ട് നിന്ത്രിതമായ അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുല്ലപെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതും സുരക്ഷിത സ്ഥാനങ്ങളിലേക്ക് 9 മണിക്ക് മുന്‍പായി മാറി താമസിക്കേണ്ടതാണ്. ഇതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കൈകൊണ്ടിട്ടുള്ളതാണ്.
ആയതിനാല്‍ യാതൊരുവിധത്തിലുമുള്ള ആശങ്കകള്‍ക്കും ഇടവരാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് റവന്യു, പോലീസ്, ഫയര്‍ഫോഴ്സ് അധികാരികളുടെയും, ജനപ്രതിനിധികളുടെയും നിര്‍ദ്ദേശാനുസരണം ഒമ്പതിന് മുമ്പായി ജനങ്ങള്‍ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറേണ്ടതാണെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 30 ന് ഒറ്റരാത്രികൊണ്ട് ആറര അടി വെള്ളം ഉയര്‍ന്ന അണക്കെട്ടാണു മുല്ലപ്പെരിയാര്‍. ജലം നിറഞ്ഞുകിടക്കുന്ന വിസ്തൃതമായ പ്രദേശം കുറവായതിനാല്‍ ഒഴുകിയെത്തുന്ന വെള്ളം പെട്ടെന്നു കവിയുന്ന സ്വഭാവമാണ് ഡാമിനുള്ളത്.
അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ജലം പെരിയാറിലേക്ക് ഒഴുക്കിവിടാന്‍ സാധ്യതയുണ്ടെന്ന് തമിഴ്നാട് ദുരിതാശ്വാസ കമ്മീഷണര്‍ അറിയിച്ചിട്ടുണ്ടെന്ന് കേരള ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ചെറുതോണിയില്‍നിന്നും വര്‍ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ പെരിയാറിന്റെ തീരത്ത് വസിക്കുന്നവര്‍ ജില്ലാ കളക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് ഒഴിഞ്ഞുപോകണമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.