മഴ കനത്തു ; കൊച്ചിയില്‍ മെട്രോ തൂണില്‍ നിന്ന് കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്നുവീണു ; ഒഴിവായത് വന്‍ദുരന്തം

കൊച്ചി മെട്രോയുടെ തൂണില്‍ നിന്ന് കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ വീണു. നോര്‍ത്ത് സ്റ്റേഷന് സമീപത്തെ 612-ാം മ്പര്‍ തൂണില്‍ നിന്നാണ് കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്നുവീണത്. വീഴ്ചയുടെ ആഘാതത്തില്‍ ഓട്ടോയ്ക്ക് കേടുപാടുകളുണ്ടായി. ഡ്രൈവറും മൂന്ന് യാത്രക്കാരും ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.

അടിമാലി പത്താംമൈല്‍ സ്വദേശിയായ ജോയിയുടെ ഓട്ടോയ്ക്ക് മുകളിലാണ് തൂണില്‍ നിന്നും കഷ്ണം അടര്‍ന്നുവീണത്. എസ്.ആര്‍.എം. റോഡില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് പോകാനായി യു-ടേണ്‍ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഓട്ടോയുടെ ചില്ലിലോ മധ്യത്തിലോ ആണ് അത്രയും ഉയരത്തില്‍ നിന്നും കോണ്‍ക്രീറ്റ് പീസ് പതിച്ചിരുന്നതെങ്കില്‍ വലിയ അപകടമുണ്ടാകുമായിരുന്നു.

അങ്ങനെയെങ്കില്‍ എനിക്കോ യാത്രക്കാര്‍ക്കോ വലിയ പരിക്കേറ്റേനെ. ജീവഹാനി തന്നെ സംഭവിക്കാനും സാധ്യതയുണ്ടായിരുന്നു. ഓട്ടോയ്ക്ക് പകരം ബൈക്ക് യാത്രികരുടെ ആരുടെയെങ്കിലും ദേഹത്താണ് വീണിരുന്നതെങ്കില്‍ അപകടത്തിന്റെ ആഘാതം പിന്നെയും വര്‍ധിച്ചേനെ എന്ന് ഓട്ടോയുടെ ഡ്രൈവര്‍ ജോയി പറയുന്നു. സംഭവത്തില്‍ ഡിഎംആര്‍സിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.

കൊച്ചി മെട്രോ നിര്‍മിച്ചത് ഡിഎംആര്‍സിയാണ്. എന്തുകൊണ്ടാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് -ഐംആര്‍എല്‍ വിശദീകരണക്കുറിപ്പില്‍ പറയുന്നു.