കേരളത്തിലെ പ്രളയത്തിനെ തഴഞ്ഞ് ദേശിയ മാധ്യമങ്ങള്‍ ; പ്രളയത്തെയും ഒന്ന് പരിഗണിക്കു എന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകരോട് അഭിലാഷ് മോഹന്‍

ചരിത്രത്തിലില്ലാത്ത തരത്തില്‍ ഏറ്റവും വലിയ പ്രളയത്തെ കേരളം അഭിമുഖീകരിക്കുമ്പോള്‍ അതിനെതിരെ മുഖം തിരിച്ച് ദേശീയ മാധ്യമങ്ങള്‍ . കേരളത്തിലെ പ്രളയത്തിനെ അത് അര്‍ഹിക്കുന്ന തീവ്രതയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് സൂചിപ്പിക്കുന്ന ട്വീറ്റുമായി റിപ്പോര്‍ട്ടര്‍ ടിവിയിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹനന് രംഗത്ത്.

കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ കഴിഞ്ഞെങ്കില്‍ ഞങ്ങളുടെ കാര്യം കൂടി കവര്‍ ചെയ്യു. ഞങ്ങളും ഈ രാജ്യത്തിന്റെ ഭാഗമാണ് എന്നാണ് അഭിലാഷ് മോഹന്‍ ട്വീറ്റ് ചെയ്തത്.

ഇന്ത്യാ ടുഡെയിലെ കണ്‍സല്‍റ്റിങ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായി, ഇന്ത്യാ ടുഡെ എഡിറ്റര്‍ രാഹുല്‍ കന്‍വാല്‍, ടൈംസ് നൗവിലെ നവീക കുമാര്‍, ശ്രീനിവാസന്‍ ജെയ്ന്‍, സിഎന്‍എന്‍ ന്യൂസ് 18 നിലെ സാക്കാ ജേക്കബ് എന്നിവരെ ടാഗ് ചെയ്താണ് അഭിലാഷിന്റെ ട്വീറ്റ്.

ഇംഗ്ലീഷ്, ഹിന്ദി ടെലിവിഷന്‍ ചാനലുകള്‍ കേരളത്തിലെ പ്രശ്നങ്ങള്‍ വരുമ്പോള്‍ അതിനോട് മുഖംതിരിക്കുന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നത് എന്ന ആക്ഷേപം പലകോണുകളില്‍നിന്നായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം കേരളത്തിന് പലപ്പോഴും ലഭിക്കാറില്ല. ഈ കാര്യം തന്നെയാണ് അഭിലാഷ് തുറന്നു പറഞ്ഞിരിക്കുന്നത്. സ്വാതന്ത്ര്യദിന വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ദേശിയ മാധ്യമങ്ങള്‍ എല്ലാം.