മഴക്കാലത്തെ വൈദ്യുതി അപകടങ്ങള്‍ ; സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

പേമാരിയുടെയും പ്രളയത്തിന്റെയും പിടിയിലായ കേരളത്തില്‍ വൈദ്യുതി മൂലമുള്ള അപകടമരണങ്ങള്‍ തുടര്‍കഥയാണ്. പ്രളയക്കെടുതിയ്ക്കിടെ വൈദ്യുതി അപകടങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ടത് നമ്മള്‍ തന്നെയാണ്. മഴമൂലം വൈദ്യുതി കമ്പികള്‍ പൊട്ടി വീഴുന്നത് അപകടങ്ങള്‍ക്ക് ഒരു മുഖ്യകാരണമാകാറുണ്ട്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ആണ് ചുവടെ.

മഴ ശക്തമായ സമയങ്ങളില്‍ പൊതുസ്ഥലങ്ങളിലുള്ള ട്രാന്‍സ്‌ഫോര്‍മറുകള്‍, പോസ്റ്റുകള്‍, വൈദ്യുത ലൈനുകള്‍ മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ സമീപത്ത് പോകാതിരിക്കുക. ഇലക്ട്രിക് ലൈനുകളിലും ട്രാന്‍സ്‌ഫോര്‍മറുകളിലും മറ്റ് പ്രതിഷ്ഠാപനങ്ങളിലും അപകടകരമായതോ, അസാധാരണമായതോ ആയ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ വിവരം അറിയിക്കുക. ഇല്ലെങ്കില്‍ 1912 എന്ന ടോള്‍ ഫ്രീ നമ്പരിലും, 9496001912 എന്ന വാട്‌സ്ആപ്പ് നമ്പരിലും അറിയിക്കാം.

പൊതുനിരത്തുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിച്ച് മാത്രം നടക്കുക. ശിഖരങ്ങളും മരങ്ങളും വീണ് വൈദ്യുതികമ്പി പൊട്ടിവീണിരിക്കുവാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുകയും, വൈദ്യുതലൈനുകള്‍ താഴ്ന്ന് സുരക്ഷിതമായ അകലം ഇല്ലാത്ത പ്രദേശങ്ങളും ഉണ്ടാവാം. പരിചിതമല്ലാത്ത റൂട്ടുകളിലും റോഡിലും കൂടിയുള്ള യാത്ര കഴിവതും ഒഴിവാക്കുക.

വീടുകളില്‍ വെള്ളം കയറിയാല്‍ കെട്ടിടത്തിനകത്തും പുറത്തും നല്‍കിയിരിക്കുന്ന മുഴുവന്‍ താല്‍ക്കാലിക വൈദ്യുതികണക്ഷനുകളും വിച്ഛേദിക്കുക. കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നതും, വെള്ളം കയറിയതുമായ സ്ഥലങ്ങളിലെ മോട്ടോറുകള്‍, ലൈറ്റുകള്‍, മറ്റുപകരണങ്ങള്‍ എന്നിവയിലേക്കുള്ള വൈദ്യുതി ബന്ധം ഉടന്‍ തന്നെ വിച്ഛേദിക്കുക.

ജനറേറ്ററുകള്‍, ഇന്‍വര്‍ട്ടറുകള്‍, യുപിഎസ് എന്നിവ അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തിപ്പിക്കുക. ഉപയോഗിക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കുക. മൊബൈലും, ചാര്‍ജിംഗ് ലൈറ്റും ഉള്‍പ്പടെ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. കുറച്ചു ദിവസങ്ങള്‍ വൈദ്യുതി തടസ്സപ്പെടാനാണ് സാധ്യത.