ആശങ്കകള്‍ തുടരവേ മുല്ലപ്പെരിയാര്‍ നിറയുന്നു ; പരമാവധി സംഭരണ ശേഷിയിലെത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ഇപ്പോഴും തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സ്പില്‍വേ പുലര്‍ച്ചെ രണ്ടരയ്ക്ക് തുറന്നിട്ടും ഡാമിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടില്ല. ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ പരമാവധി സംഭരണ ശേഷിയിലെത്തുന്നത്.

അതേസമയം സുരക്ഷ മുന്‍നിര്‍ത്തി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് പരമാവധി വെള്ളം തുറന്നു വിടണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് ചെവികൊണ്ടിട്ടില്ല. സെക്കന്‍ഡില്‍ 13,93,000 ലിറ്റര്‍ വെള്ളമാണ് മുല്ലപ്പെരിയാറില്‍ ഒഴുകിയെത്തുന്നത്. അണക്കെട്ടിലെ പതിമൂന്ന് ഷട്ടറുകളും ഒരടിവീതം ഉയര്‍ത്തിയെങ്കിലും 4500 ക്യുസെക്സ് വെള്ളമാണ് ഇപ്പോള്‍ പുറത്തേക്കൊഴുക്കുന്നത്. വെള്ളം ഒഴുകിയെത്തുന്നതിനെ അപേക്ഷിച്ച് കുറവ് വെള്ളം മാത്രമാണ് ഡാമില്‍ നിന്നും പുറത്തേക്കൊഴുക്കുന്നത്.

അണക്കെട്ടിന്റെ പരമാവധി ശേഷിയായ 142 അടിയിലെത്തുന്നതിന് മുമ്പ് വെള്ളം തുറന്നു വിടണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഷട്ടറുകള്‍ എല്ലാം പരമാവധി തുറന്നു വിടണമെന്ന ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍ പൂര്‍ണമായും അംഗീകരിച്ചിട്ടില്ല.

സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള 142 അടിയിലേക്ക് ജലനിരപ്പ് എത്തിക്കാനുള്ള നീക്കമാണ് തമിഴ്നാട് സര്‍ക്കാര്‍ നടത്തുന്നത്. അതേസമയം, സുരക്ഷയെ മുന്‍നിര്‍ത്തി ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിടണമെന്നാണ് വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം.

അതിശക്തമായ മഴയില്‍ നീരൊഴുക്ക് വര്‍ധിച്ച് ജലനിരപ്പ് 140.15 അടി എത്തിയപ്പോഴാണ് ഇന്ന് പുലര്‍ച്ചെ മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേയിലുള്ള ഷട്ടറുകള്‍ തുറന്നത്. ആകെയുള്ള പതിമൂന്ന് ഷട്ടറുകളും ഒരടിയോളമാണ് തുറന്നത്. വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തു വഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും.

മുല്ലപ്പെരിയാറിലെ സ്പില്‍വേ താഴ്ത്തുന്നതോടെ വണ്ടിപ്പെരിയാര്‍ ചപ്പാത്ത് വഴി മിനിട്ടുകള്‍ക്കകം വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. ഇതിനോടകം തന്നെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ച ഇടുക്കി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും തുറന്ന് പരമാവധി വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുകയാണ്.

ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തുവിടുന്ന ജലത്തിന്റെ അളവ് സെക്കന്റില്‍ 15 ലക്ഷം ഘനമീറ്ററായി ഉയര്‍ത്തി. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഹര്‍ത്താലിന് സമാനമായ സാഹചര്യമാണ് നിലവില്‍.