കനത്ത മഴ ; നെടുമ്പാശ്ശേരി നാലു ദിവസത്തേയ്ക്ക് അടച്ചു
കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടു. നാല് ദിവസത്തേക്കാണ് അടച്ചിട്ടത്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം താത്കാലികമായി അടച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങള്‍ ഇറങ്ങുന്നതിനായിരുന്നു ആദ്യഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വെള്ളം കയറുന്നത് നിയന്ത്രണാതീതമായതോടെ ഉച്ചയ്ക്ക് രണ്ടു മണി വരെ വിമാനത്താവളം താത്കാലികമായി അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ മഴ കനത്തതോടെ വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചിടുകയായിരുന്നു. ഇതിനിടെ വെള്ളം പമ്പ് ചെയ്തു കളയുവാനുള്ള ശ്രമങ്ങളും ലക്‌ഷ്യം കണ്ടിട്ടില്ല. കൂടാതെ വിമാനത്താവളത്തിന്റെ ഒരു ഭാഗത്തെ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞു വീഴുകയും ചെയ്തു.
അതേസമയം എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ എല്ലാ സര്‍വീസുകളും തിരുവനന്തപുരത്ത് നിന്ന് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ഇന്ത്യ ജിദ്ദ മുംബൈക്കും ഇന്‍ഡിഗോ ദുബായ് ബെംഗളൂരുവിലേക്കും ജെറ്റ് ദോഹ ബെംഗളൂരുവിലേക്കും വഴി തിരിച്ചുവിട്ടു. വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു: 0484 – 3053500, 2610094