ഓണാഘോഷം പരിപൂര്‍ണ്ണമായി ഉപേക്ഷിച്ച് ദുരന്തമുഖത്തേക്ക് നേരിട്ട് സഹായഹസ്തമെത്തിച്ച് ഡബ്ലിയു.എം.എഫ് ഓസ്ട്രിയ

വിയന്ന: നിരവധി ദിവസങ്ങളായി നടത്തിവന്നിരുന്ന ഒരുക്കങ്ങള്‍ അവസാനിപ്പിച്ച് ഈ വര്‍ഷം വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓസ്ട്രിയ പ്രൊവിന്‍സ് വിയന്നയില്‍ നടത്താനിരുന്ന ഓണാഘോഷവും ഓണസദ്യയും കേരളത്തിലെ ദുരിതനിവാരണ പദ്ധതികള്‍ മുന്നില്‍കണ്ട് പരിപൂര്‍ണ്ണമായി ഉപേക്ഷിച്ചു.

ഈ വര്‍ഷത്തെ ഓണാഘോഷ സമ്മേളനത്തിന്റെ ഭാഗമായി ഉദ്ദേശിക്കുന്ന തുകയും, അംഗങ്ങളുടെ സഹായവും, വിയന്ന മലയാളികളില്‍ നിന്ന് ലഭിക്കുന്ന സംഭാവനകളും സംയുകതമായി ശേഖരിച്ച് ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ കേരളത്തില്‍ നടത്തിവരുന്ന ഫ്‌ളഡ് റിലീഫ് ഫണ്ടിലേക്ക് നല്‍കും. അതോടൊപ്പം ഓസ്ട്രിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും, മറ്റു സ്ഥലങ്ങളില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് പ്രളയക്കെടുതിക്ക് ശേഷം വരാന്‍ പോകുന്ന പുനരധിവാസ പദ്ധതികളിലും, പകര്‍ച്ചവ്യാധികള്‍ നേരിടാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും സംഘടന ധാരണയിലെത്തിയട്ടുണ്ട്.

ഇതിനോടകം തന്നെ കേരളത്തിലെ 14 ജില്ലകളിലും ഡബ്ലിയു.എം.എഫ് നേരിട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, വൈസ് ചെയര്‍മാന്‍ നൗഷാദ് ആലുവ, കേരളത്തിലെ വിവിധ യൂണിറ്റുകളുടെ മുഴുവന്‍ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തങ്ങള്‍ നടന്നു വരുന്നത്.

ഈ ഉദ്യമത്തില്‍ ഏതെങ്കിലും രീതിയില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ള എല്ലാവരെയും ക്ഷണിക്കുന്നതോടൊപ്പം, കഴിയുന്ന സഹായങ്ങള്‍ നല്‍കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ താങ്ങാകണമെന്ന് ഡബ്ലിയു.എം.എഫ് ഓസ്ട്രിയ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.