നിങ്ങള്‍ക്കുമാകാം, രക്ഷാ പ്രവര്‍ത്തകന്‍


പ്രിയ മലയാളി വിഷന്‍ പ്രേക്ഷകരെ,

നമ്മുടെ നാട് നേരിടുന്ന ദുരിതം എന്തെന്ന് ഞങ്ങള്‍ക്ക് നിങ്ങളെ അറിയിക്കാന്‍ പറ്റുന്നതിനും അപ്പുറമാണ്. കഴിഞ്ഞ രണ്ടു ദിവസവും ഞങ്ങളാല്‍ കഴിയുന്ന സഹായവുമായി നമ്മുടെ വാര്‍ത്താ ലേഖകര്‍ എല്ലാം തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലും കളക്ഷന്‍ സെന്ററുകളിലുമായി പ്രവര്‍ത്തിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ രക്ഷപ്പെട്ടെത്തുന്നവര്‍ അവര്‍ വന്ന വഴികളില്‍ രണ്ടും മൂന്നും ദിവസങ്ങളായി ജീവനായി കേണുകൊണ്ട് വീടുകളുടെ മുകളില്‍ മഴയും നനഞ്ഞു കഴിയുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ നിലവിളിയെ കുറിച്ച് ഞങ്ങളോട് പറഞ്ഞ വാക്കുകള്‍ അതേ തീവ്രതയില്‍ എങ്ങനെ പങ്കുവെക്കണമെന്ന് പോലും ഞങ്ങള്‍ക്കറിയില്ല.

ഇതെല്ലാം കണ്ടും കെട്ടും മനസ്സ് മടുത്ത് ഇരുന്ന് പോകുന്ന രക്ഷാ പ്രവര്‍ത്തകരായി സ്വയം മാറി ജീവന്‍ പണയം വെച്ച് അതത് സ്ഥലങ്ങളില്‍ പൊരുതുന്ന നാട്ടുകാരെ ഇവിടെ കാണാം. പലയിടങ്ങളിലും കുത്തൊഴുക്കിലൂടെയാണ് രക്ഷാപ്രവര്‍ത്തകര്‍ വീടുകളില്‍ കുടുങ്ങിയവരെ വീണ്ടെടുക്കാന്‍ നാട്ടുകാരുടെ സഹായത്തോടെ കടന്ന് ചെല്ലുന്നത്. ഇപ്പോഴും മഴ മാറാതെ മിക്ക സ്ഥലങ്ങളിലും തുടരുകയാണ്. ഒരു ജന്മം കൊണ്ട് നേടിയതെല്ലാം നശിച്ച് ദുരിധാശ്വാസക്യാമ്പുകളില്‍ എത്തപെട്ടവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് പോലും ആര്‍ക്കുമറിയില്ല. ചെങ്ങന്നൂരും, ചാലക്കുടിയിലും പലയിടങ്ങളിലുമായി വെള്ളം കയറി ആളുകള്‍ വീടുകള്‍ക്കുള്ളില്‍ മരണപെട്ടു കിടക്കുന്നതായി വാര്‍ത്തകളും വരുന്നു. ഇത് ദുരന്ത മുഖത്ത് കൈയ്യും മെയ്യും മറന്ന് പോരാടുന്നവരെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫലം കാണാതെ പോകുന്നതിലെ വിഷമം തളര്‍ത്തുകയാണ്. ഈ ലേഖനം എഴുതുമ്പോള്‍ ചെങ്ങന്നൂരില്‍ നാട്ടുകാര്‍ രക്ഷിച്ച് കൊണ്ടുവന്ന ആള്‍ക്കാരുടെ കൂടെ മൂന്ന് ശവ ശരീരം കൂടി ഉണ്ടായിരുന്നത് ഏറെ തളര്‍ത്തുന്നതാണ്. ഇത്തരത്തില്‍ നൂറ് കണക്കിന് വീടുകളാണ് അവിടെയുള്ളത്.

സാമ്പത്തീക സഹായം ചെയ്യാന്‍ കഴിയുന്നവരുമായ ഒട്ടേറെ നല്ല മനസ്സുള്ള മലയാളികള്‍ നമുക്കിടയില്‍ സ്വദേശത്തും, വിദേശത്തുമായി ധാരാളമുണ്ട്. ഒരു ചെറിയ തുക പോലും ഇവിടെ വലിയ ആശ്വാസമായി മാറും. നിങ്ങളാല്‍ കഴിയുന്ന ചെറിയ സഹായം നിങ്ങള്‍ ചെയ്യുന്നതിനൊപ്പം നമ്മുടെ നാട്ടില്‍ ഇപ്പപ്പോള്‍ നടക്കുന്ന ദുരന്തത്തിന്റെ ആഴം വിവരിച്ച് നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും, അതുപോലെ നിങ്ങള്‍ക്കൊപ്പം ജോലിചെയ്യുന്നവരില്‍ നിന്നും സഹായം നേടിയെടുക്കാന്‍ ഉറപ്പായും ശ്രമിക്കുമല്ലോ.

കാസര്‍ഗോഡ് ഒഴികെ നമ്മുടെ സംസ്ഥാനത്തെ എല്ലാ ജില്ലകളും പ്രളയക്കെടുതിയിലാണ്. രക്ഷാ പ്രവര്‍ത്തങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ നാം നേരിടേണ്ടുന്ന വലിയ വെല്ലുവിളികളെ നേരിടാന്‍ നാം ഇപ്പോള്‍ തന്നെ തയ്യാറായേ മതിയാകൂ. എല്ലാവരോടും ഒരിക്കല്‍ കൂടി അപേക്ഷിച്ച് കൊണ്ട്.

ടീം മലയാളി വിഷന്‍

നിങ്ങള്‍ ശേഖരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച് നല്‍കുക

Account Name:            CMDRF
Account number:        67319948232
Bank:                             State Bank of India
Branch:                         City branch, Thiruvananthapuram
IFS Code:                      SBIN0070028