ദുരിതകടലിന്റെ നടുവില്‍ കേരളം വലയുന്നതിനിടെ ജര്‍മനിയിലെത്തിയ വനം വകുപ്പ് മന്ത്രി മടങ്ങുന്നു

ബേണ്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനായി ജര്‍മ്മനിയിലെത്തിയ കൃഷിമന്ത്രി കെ. രാജു മടങ്ങുന്നു…..രണ്ടു ദിവസത്തിനകം തിരിച്ചെത്തുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരാഴ്ചയിലെ സന്ദര്‍ശന പരിപാടിക്കായിയാണ് മന്ത്രി ജര്‍മ്മനിയിലേക്ക് പോയിരുന്നത്.

മഴക്കെടുതിയില്‍ കോട്ടയത്തിന്റെ ചുമതലയുള്ള മന്ത്രി രാജു വിദേശത്തേക്ക് പോയത് വന്‍വിവാദമായിരുന്നു. സി.പി.ഐ നേതൃത്വം ഉടന്‍ തന്നെ മന്ത്രി രാജുവിനോട് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും മന്ത്രിക്കൊപ്പം ജര്‍മ്മനിയിലെത്തിയിരുന്നു.

”വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ജര്‍മനിയില്‍ എത്തിയത്. എത്രയും പെട്ടെന്നു പരിപാടികളില്‍ പങ്കെടുത്ത് തിരിച്ചു നാട്ടിലെത്തണം, ഒരാഴ്ചത്തെ പരിപാടി വെട്ടിച്ചുരുക്കി രണ്ടു ദിവസം കൊണ്ട് തീര്‍ത്ത് നാട്ടില്‍ തിരിച്ചെത്താനാണ് തീരുമാനം. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഭാരവാഹികളോട് കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അവസ്ഥ പറഞ്ഞു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും ആവശ്യപ്പെട്ടു. അനുഭാവ നിലപാടെടുക്കുമെന്നാണ് ഭാരവാഹികള്‍ അറിയിച്ചത്.” – മന്ത്രി രാജു പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.