മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്ത മുന്‍സൈനികന് എതിരെ കേസെടുക്കാന്‍ പോലീസ്
മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച മുന്‍ സൈനികനെതിരെ പോലീസ് കേസ്. പത്തനംതിട്ട കടമ്മനിട്ട സ്വദേശി ഉണ്ണി എസ് നായര്‍ എന്നയാളാണ് ഫെയ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന്‍ കേസില്‍ അകപ്പെട്ടത്. ആള്‍മാറാട്ടം, പൊതുജനശല്യം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയെന്നും പോലീസ് വ്യക്തമാക്കി.
മുഖ്യമന്ത്രിയെ ചോദ്യം ചെയ്തുകൊണ്ടു സൈനിക വേഷത്തില്‍ ഒരാള്‍ സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇയാള്‍ സൈനികനല്ലെന്നു വ്യക്തമാക്കി കരസേന രംഗത്തെത്തിയതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയത്. ഞായറാഴ്ച രാവിലെയാണു വിവിധ ഗ്രൂപ്പുകളില്‍ വിഡിയോ പ്രചരിച്ചത്.
കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. സംസ്ഥാന ഭരണം നഷ്ടമാകുമെന്നു ഭയന്നു പിണറായി വിജയനും കൂട്ടരും സൈന്യത്തെ വിളിക്കാത്തതാണെന്നും സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി സര്‍ക്കാരിന് ഒന്നുമറിയില്ലെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന. ഇതാണ് ഇയാള്‍ക്ക് എതിരെ കേസെടുക്കാന്‍ കാരണമായി പോലീസ് പറയുന്നത്.