പ്രളയജലം ഇറങ്ങി ; മനുഷ്യര്‍ക്ക് ഭീഷണിയായി പാമ്പുകള്‍ ; അങ്കമാലിയില്‍ അമ്പതുപേര്‍ക്ക് കടിയേറ്റു

പ്രളയജലം ഇറങ്ങിയ ഇടങ്ങളില്‍ മനുഷ്യര്‍ക്ക് ഭീഷണിയായി പാമ്പുകള്‍. അങ്കമാലി, പറവൂര്‍, കാലടി മേഖലകളില്‍ പമ്പുകടിയേറ്റ് ചികിത്സ തേടിയത് അമ്പതിലധികം പേര്‍. വെള്ളം ഇങ്ങിയ ശേഷം വീട് വൃത്തിയാക്കുന്നതിന് വീടിനുള്ളില്‍ പ്രവേശിച്ചവര്‍ക്കാണ് പാമ്പിന്റെ കടിയേറ്റത്.
അണലി ഉള്‍പ്പെടെ മാരക വിഷമുള്ള പാമ്പുകളുടെ കടിയാണ് പലര്‍ക്കും ഏറ്റിരിക്കുന്നത്. അഞ്ചു പേര്‍ക്ക് അണലിയുടെ കടിയേറ്റു. രണ്ടര വയസ്സുള്ള ഒരു കുട്ടിക്കും പാമ്പിന്റെ കടിയേറ്റിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിലാണ് പാമ്പുകടിയേറ്റ് അമ്പതോളം പേരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച മാത്രം ഇവിടെ 13 പേരെ പാമ്പുകടിയേറ്റ് പ്രവേശിപ്പിച്ചു. മറ്റ് ചില ആശുപത്രികളിലും ചില രോഗികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വെള്ളം ഇറങ്ങിയ ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ചിലര്‍ക്ക് കടിയേറ്റതെങ്കില്‍ മറ്റുചിലര്‍ക്ക് വെള്ളത്തിലൂടെ നടക്കുമ്പോഴാണ് കടിയേറ്റത്.

വീടുകള്‍ക്കുള്ളില്‍ കയറിക്കൂടിയതു കൂടാതെ സമതലപ്രദേശങ്ങളിലെ ചതുപ്പു നിലങ്ങളിലും വെള്ളക്കെട്ടുകളിലും ഇഴജന്തുക്കള്‍ ധാരാളമുണ്ട്. വീടുകളിലേക്ക് തിരിച്ചെത്തുന്നവര്‍ പാമ്പുകടിയേല്‍ക്കാതെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയപ്പ് നല്‍കുന്നു. ഡാമുകള്‍ തുറന്നുവിട്ടതോടെ കുത്തിയൊലിച്ച് എത്തിയ വെള്ളത്തിലാണ് പമ്പുകള്‍ എത്തിയത്. പാമ്പുകളെ കൂടാതെ തേള്‍, പഴുതാര തുടങ്ങിയ ഇഴജന്തുക്കളും വെള്ളത്തില്‍ ഒഴുകിയെത്തിയിട്ടുണ്ട്.