കേരളത്തിന് ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

ചരിത്രത്തില്‍ ഇല്ലാത്ത തരത്തിലുള്ള പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഐക്യദാര്‍ഢ്യവുമായി പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ. കേരളത്തിനായി സഹായവുമായി രംഗത്തെത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് മാര്‍പാപ്പ ആവശ്യപ്പെട്ടു. വത്തിക്കാനിലെ ത്രികാലപ്രാര്‍ഥനയ്ക്കിടെയായിരുന്നു മാര്‍പ്പാപ്പയുടെ പ്രതികരണം.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പതിവ് പ്രാര്‍ഥനക്ക് ശേഷമായിരുന്നു മാര്‍പാപ്പയുടെ അഭ്യര്‍ഥന. ‘തുടര്‍ച്ചയായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും കേരളത്തിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. നിരവധിയാളുകള്‍ മരിച്ചു. പലരെയും കാണാതായി. വീടുകളും കാര്‍ഷിക വിളകളും വന്‍തോതില്‍ നശിച്ചു.

കേരളത്തിലെ സഹോദരി സഹോദരന്മാര്‍ക്കായി അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം അനിവാര്യമാണ്’- മാര്‍പാപ്പ പറഞ്ഞു. പ്രളയ ദുരന്തത്തില്‍ മരിച്ചവര്‍ക്കായി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന പ്രാര്‍ഥനക്ക് മാര്‍പാപ്പ നേതൃത്വം നല്‍കി.