ജര്‍മ്മന്‍ യാത്ര; മുഖ്യമന്ത്രി അറിയാതെ ചുമതല കൈമാറി; കെ രാജു വീണ്ടും പ്രതിരോധത്തില്‍

സംസ്ഥാനം പ്രളയത്തില്‍ മുങ്ങിയ സമയം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ജര്‍മനയില്‍ പോയ വനം വകുപ്പ് മന്ത്രി കെ രാജുവിനെതിരേ കൂടുതല്‍ ആക്ഷേപം . വിദേശ യാത്രയ്ക്ക് പോകുന്നതിനായി തന്റെ വകുപ്പ് കെ തിലോത്തമന് കൈമാറിയതാണ് കൂടുതല്‍ വിവാദത്തിലായിരിക്കുന്നത്. മുഖ്യമന്ത്രി അറിയാതെ സ്വന്തം ലെറ്റര്‍ പാഡിലാണ് വകുപ്പ് ചുമതല തിലോത്തമന് കൈമാറിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് അറിവ് ലഭിച്ചിരുന്നില്ല. പൊതുഭരണ വകുപ്പ് ഉത്തരവിറക്കണമെന്ന ചട്ടം ഇക്കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ല.

അതേസമയം, സിപിഐ മുതിര്‍ന്ന നേതാക്കള്‍ മന്ത്രിയുടെ വിദേശ പര്യടനത്തില്‍ അതൃപ്തി അറിയിച്ചു. മന്ത്രിക്കെതിരേ കടുത്ത നടപടി വേണമെന്ന വികാരവും പാര്‍ട്ടിക്കുള്ളിലുണ്ട്. അടുത്ത മാസം ചേരുന്ന സിപിഐ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.ഇതുമായി ബന്ധപ്പെട്ട് കെ രാജു നല്‍കിയ വിശദീകരണം സിപിഐ മുഖവിലയ്ക്കെടുത്തില്ല.

പാര്‍ട്ടിയും മുഖ്യമന്ത്രിയും അനുമതി നല്‍കിയതിന് ശേഷമാണ് താന്‍ ജര്‍മനിയിലേക്ക് തിരച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍, പാര്‍ട്ടി അനുമതി നല്‍കിയത് ഒരു മാസം മുമ്പാണ്. അ്ദ്ദേഹം വിദേശത്തേക്ക് പോയത് അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

അതേസമയം കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡ് കഴിഞ്ഞാണ് ജര്‍മനിക്ക് പോകുന്നത്. ഈ സമയത്ത് സമയത്ത് വലിയ പ്രകൃതി ക്ഷോഭമുണ്ടായിരുന്നില്ല. ജര്‍മനിയില്‍ ചെന്ന് കഴിഞ്ഞപ്പോളാണ് പ്രളയത്തെക്കുറിച്ചുള്ള അറിയിപ്പ് കിട്ടുന്നത്.അപ്പോള്‍ തന്നെ വരാനുള്ള പരിശ്രമം തുടങ്ങി. താന്‍ തെറ്റായതൊന്നും ചെയ്തിട്ടില്ലെന്നുമാണ് മന്ത്രി വിശദീകരണത്തില്‍ പറഞ്ഞിരുന്നത്.