ദുരിതാശ്വാസ സഹായത്തില്‍ കേന്ദ്രത്തിനെ കടത്തിവെട്ടി യു എ ഇ ; കേരളത്തിന്‌ നല്‍കുന്നത് 700 കോടി

പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്നു റിപ്പോര്‍ട്ടുകള്‍. യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് മാധ്യമങ്ങളോട് പറഞ്ഞത്. അവര്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. യു.എ.ഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഗള്‍ഫിലുള്ളവര്‍ അകമഴിഞ്ഞ് സര്‍ക്കാരിനെ സഹായിക്കുന്നുണ്ട്. യുഎഇ ഗവണ്‍മെന്റ് കേരളത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരുമായി യുഎഇ സര്‍ക്കാര്‍ സംസാരിച്ചിരുന്നു.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ കണ്ടപ്പോളാണ് അവര്‍ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രളയത്തിന്ശേഷം പുതിയ കേരളം സൃഷ്ടിക്കുമെന്നും അദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റ് 30ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്.

പുനരധിവാസത്തിന് ഓരോ വകുപ്പും പ്രത്യേക കര്‍മ പദ്ധതികള്‍ തയാറാക്കാനും മന്ത്രിസഭ തീരുമാനിച്ചു. സാധനങ്ങള്‍ക്ക് ജിഎസ്ടിയ്ക്കു പുറമേ പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തും. സംസ്ഥാന ജിഎസ്ടിയില്‍ ആയിരിക്കും പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തുക. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് സെസ് ഏര്‍പ്പെടുത്തുന്നതെന്നും അദേഹം പറഞ്ഞു.

നമ്മുടെ വിഷമം മനസ്സിലാക്കിയുള്ള സഹായധനമാണ്. ഇത്തരമൊരു ഫണ്ട് നല്‍കാന്‍ തയ്യാറായ യുഎഇയുടെ പ്രസിഡന്റ് ശൈഖ് ഖലിഫ ബിന്‍ സയ്ദ് അല്‍ നഹ്യാന്‍ അതേ പോലെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇവരോടെല്ലാമുള്ള കൃതജ്ഞത ഈ സര്‍ക്കാരിനോടുള്ള കൃതജ്ഞത ഈ ഘട്ടത്തില്‍ മലയാളികള്‍ക്ക് വേണ്ടിയും നമ്മുടെ നാടിന് വേണ്ടിയും രേഖപ്പെടുത്തുന്നു എന്ന് പിണറായി പറഞ്ഞു.

ഇന്ന് കാലത്ത് പെരുന്നാള്‍ ആശംസ അറിയിക്കാന്‍ യുഎഇ കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ നമ്മുടെ കേരളീയനായ ശ്രീ യൂസഫലി കണ്ട് സംസാരിച്ചപ്പോഴാണ് അദ്ദേഹത്തോടാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പ്രധാനമന്ത്രിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അറിയിച്ചു. സഹായ വാഗ്ദാനം നമുക്ക് നല്ല കരുത്ത് പകരുന്ന ഒന്നാണ്. ലോക സമൂഹം ഒന്നടങ്കമുണ്ട് എന്ന കരുത്തും നമുക്ക് ലഭിക്കുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.