കുട്ടികള്‍ക്ക് ഹോം വര്‍ക്ക് കൊടുക്കുന്ന സ്കൂളുകള്‍ക്ക് എതിരെ കര്‍ശന നടപടി
കുട്ടികളെകൊണ്ട് ഹോം വര്‍ക്ക് ചെയ്യിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സി.ബി.എസ്.ഇക്ക് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. സി.ബി.എസ്.ഇ ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് എത്രയും വേഗം സ്‌കൂളുകള്‍ക്ക് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ചട്ടപ്രകാരം ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഹോം വര്‍ക്ക് നല്‍കാന്‍ പാടുള്ളതല്ല.
സി.ബി.എസ്.ഇ സ്‌കൂള്‍ രജിസ്ട്രേഷന്‍ ചട്ടപ്രകാരം ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗോ ഹോംവര്‍ക്കോ അനുവദനീയമല്ല. മൂന്നാം തരത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഹോം വര്‍ക്ക് കൊടുക്കരുതെന്നും മദ്രാസ് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് താങ്ങാവുന്നതിലധികം ഹോംവര്‍ക്ക് നല്‍കരുതെന്നും പഠനഭാരം ചുമത്തരുതെന്നും കോടതി ഉത്തരവിട്ടു.
2016 മുതല്‍ നിയമം പ്രാബല്യത്തിലുണ്ടായിരുന്നെങ്കിലും സ്‌കൂളുകള്‍ ഇത് പാലിക്കുന്നുണ്ടായിരുന്നില്ല. എന്‍.സി.ഇ.ആര്‍.ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ്) പുസ്തകങ്ങള്‍ മാത്രമേ സ്‌കൂളുകളില്‍ പഠിപ്പിക്കാവൂ എന്ന ഉത്തരവ് പ്രകാരം 2016 ലാണ് സി.ബി.എസ്.ഇ ‘നോ ഹോം വര്‍ക്ക് റൂള്‍’ പുറത്തിറക്കിയത്. നിയമം തെറ്റിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ സി.ബി.എസ്.ഇ തയ്യാറാവണമെന്നും കോടതി ആവശ്യപ്പെട്ടു.