യുഎഇ യുടെ ധനസഹായം സ്വീകരിക്കാന്‍ നിയമതടസ്സമെന്നു റിപ്പോര്‍ട്ടുകള്‍

കടുത്ത പ്രളയക്കെടുതിയില്‍നിന്ന് കരകയറാന്‍ കേരളത്തിന് യുഎഇ 700 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന വാര്‍ത്ത ഏറെ ആശ്വാസത്തോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ ഇങ്ങനെ ലഭിക്കുന്ന വിദേശ സഹായങ്ങള്‍ സ്വീകരിക്കാന്‍ നിയമതടസ്സമെന്ന് സൂചന. കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം പറയുന്നത്.

നിലവില്‍ വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് നയമില്ല. വിദേശ ഏജന്‍സികളുടെ സഹായം സ്വീകരിക്കാറുള്ളത് വായ്പയായി മാത്രമാണെന്നും കേന്ദ്ര വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഇതുവരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടില്ല.

ഉത്തരഖണ്ഡ് ദുരന്തത്തില്‍ അമേരിക്കന്‍ സഹായം ഇന്ത്യ തള്ളിയിരുന്നു. സുനാമിക്കു ശേഷം ഇന്ത്യ ഒരു വിദേശസഹായവും സ്വീകരിച്ചിട്ടില്ല. വിദേശ സഹായം സ്വീകരിക്കാന്‍ കഴിയില്ലെന്ന നയം കൊണ്ടു വന്നത് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ആണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കേരളത്തിലെ പ്രളയദുരന്തത്തിന്700 കോടി രൂപയുടെ സഹായമാണ് യുഎഇ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് യുഎഇ ഭരണാധികാരികളില്‍ നിന്നും ഉറപ്പ് കിട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭ യോഗത്തിന് ശേഷം വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ നിയമത്തിന്റെ നൂലാമാലകള്‍ക്കിടയില്‍ പെട്ട് ലഭിക്കേണ്ട സഹായം മുടങ്ങുമോ എന്നാണ് മലയാളികളുടെ ഇപ്പോഴുള്ള ഭീതി.