കോളേജുകളില്‍ മൊബൈല്‍ഫോണ്‍ നിരോധിച്ച് തമിഴ്‌നാട്‌ സര്‍ക്കാര്‍ ; പ്രതിഷേധം വ്യാപകം

തമിഴ്നാട്ടിലെ കോളേജുകളില്‍ മൊബൈല്‍ ഉപയോഗം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറങ്ങി. ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷനാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തുവിട്ടത്. സര്‍ക്കാര്‍, സ്വാശ്രയ, എയ്ഡഡ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോളേജുകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കുലര്‍ നിര്‍ദ്ദേശം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദ്ദേശം.

എന്നാല്‍ മൊബൈല്‍ ഫോണ്‍ നിരോധനത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ക്യാമ്പസുകളില്‍ അനധികൃതമായി പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തുന്നുവെന്ന പരാതി വ്യാപകമായത്തിനെ തുടര്‍ന്നാണ് ക്യാമ്പസുകളിലെ ഫോണ്‍ ഉപയോഗം നിരോധിച്ചത്. പരീക്ഷകളില്‍ കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

തമിഴ്നാട്ടിലെ കോളേജുകളില്‍ സര്‍ക്കുലറിന്റെ പതിപ്പ് ലഭിച്ചിട്ടുണ്ട്.മുമ്പ് തമിഴ്നാട്ടിലെ അണ്ണാ സര്‍വകലാശാലയില്‍ സമാനമായ സാഹചര്യത്തെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ നിരോധിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് ക്ലാസ് മുറിയില്‍ മാത്രമായി നിരോധനം ചുരുക്കുകയും ചെയ്തിരുന്നു.