അക്കൗണ്ടന്റാകാന്‍ പരീക്ഷ എഴുതിയത് 8000 പേര്‍ ; എല്ലാവരും തോറ്റു ; സംഭവം ഗോവയില്‍

80 ഒഴിവുകളിലേക്ക് നടത്തിയ 8000 പേര്‍ പരീക്ഷ എഴുതിയിട്ടും ഒരാള്‍ക്ക് പോലും ജയിക്കാനാവശ്യമായ മാര്‍ക്ക് നേടാനായില്ല. ഗോവയിലാണ് സംഭവം. 100 മാര്‍ക്കിന്റെ പരീക്ഷയില്‍ കട്ട് ഓഫ് മാര്‍ക്കായി 50 ആണ് നിശ്ചയിച്ചിരുന്നത്. അഞ്ച് മണിക്കൂര്‍ നീളുന്ന 100 മാര്‍ക്കിന്റെ എഴുത്ത് പരീക്ഷയില്‍ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, അക്കൗണ്ട് സംബന്ധമായ അറിവ് എന്നിവയാണ് പരിശോധിച്ചത്.

എഴുത്തു പരീക്ഷയില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അവസാന തിരഞ്ഞെടുപ്പിന് മുമ്പ് അഭിമുഖവും പാസാകേണ്ടതുണ്ട്. അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള 80 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് 2017 ഒക്ടോബറിലാണ് അക്കൗണ്ട്സ് ഡയറക്ടറേറ്റ് വിജ്ഞാപനമിറക്കിയത്. എന്നാല്‍ എണ്ണായിരം പേര്‍ എഴുതിയ പരീക്ഷയില്‍ ഒരാള്‍ക്ക് പോലും ജയിക്കുവാന്‍ കഴിയാത്തത് സംസ്ഥാനത്തിന് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ് ഇപ്പോള്‍.