യു.എ.ഇ സർക്കാരിന്റെ 700 കോടിയുടെ സഹായം വേണ്ട എന്ന് കേന്ദ്രസര്‍ക്കാര്‍

കേരളത്തിന് യു.എ.ഇ സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ച 700 കോടിയുടെ സഹായം സ്വീകരിക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ . 15 വര്‍ഷമായി തുടര്‍ന്നു വരുന്ന നയത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല എന്നാണ് വിഷയത്തില്‍ കേന്ദ്ര നിലപാട്.

2004 ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ ഇന്ത്യ സ്വീകരിച്ചിട്ടില്ല. 2004ല്‍ ബിഹാറില്‍ പ്രളയമുണ്ടായപ്പോള്‍ അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സാമ്പത്തിക സഹായമാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ സ്വീകരിച്ചത്. സുനാമിയുണ്ടായപ്പോള്‍ വിദേശസഹായം വേണ്ടെന്നാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗും നിലപാട് എടുത്തിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്.

ഉത്തരാഖണ്ഡ് പ്രളയമുണ്ടായപ്പോള്‍ ജപ്പാനും അമേരിക്കയും സഹായം നല്‍കാന്‍ തയാറായെങ്കിലും ഇന്ത്യ നിരാകരിച്ചിരുന്നു. വികസിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തികശക്തിയെന്ന നിലയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാതെ സ്വന്തം നിലയില്‍ ദുരന്തങ്ങളെ മറികടക്കുകയെന്നതാണ് ഇന്ത്യ പിന്തുടരുന്ന നയം.

അതേസമയം, അമേരിക്ക, ചൈന, ജപ്പാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങി പല രാജ്യങ്ങളെയും ഇന്ത്യ സഹായിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. എന്നാല്‍ കേരളം ആവശ്യപ്പെട്ട പകുതി തുക പോലും നല്‍കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

യു.എ.ഇയെ കൂടാതെ ഖത്തര്‍, മാലദ്വീപ് എന്നീ രാജ്യങ്ങളും കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ ഐക്യരാഷ്ട്ര സഭയും സഹായവും വാഗ്ദാനം ചെയ്‌തെങ്കിലും അതും കേന്ദ്രം സര്‍ക്കാര്‍ നിരസിച്ചിരിക്കുകയാണ് ഇപ്പോള്‍.