കേരളത്തിന്‌ കൈത്താങ്ങായി 175 ടണ്‍ അവശ്യ വസ്തുക്കളുമായി എമിറേറ്റ്‌സ് വിമാനം തിരുവനന്തപുരത്ത്

പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് പേമാരി പോലെ യു.എ.ഇയില്‍നിന്നുള്ള സഹായ പ്രവാഹം . കേരളത്തിനുള്ള 175 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി എമിറേറ്റ്‌സ് വിമാനം തിരുവനന്തപുരത്തെത്തി. യുഎഇയിലെ മലയാളി സമൂഹം ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.

ജീവന്‍രക്ഷാ ബോട്ടുകള്‍, ബ്ലാങ്കറ്റ്, ഉണക്കിയ പഴങ്ങള്‍, തുടങ്ങിയ സാധനങ്ങളാണ് പ്രധാനമായും യുഎഇയില്‍ നിന്നെത്തുന്നത്. ഇനിയും ഒരു ഡസനിലധികം എമിറേറ്റ്‌സ് കാര്‍ഗോ വിമാനങ്ങളില്‍ കേരളത്തിലേക്ക് സഹായങ്ങളെത്തും. മലയാളികള്‍ ശേഖരിക്കുന്നത് കൂടാതെ യുഎഇയിലെ വ്യാപാര സ്ഥാപനങ്ങളും സംഘടനകളും എമിറേറ്റ്‌സ് വഴി കേരളത്തിലേക്ക് സാധനങ്ങള്‍ അയയ്ക്കുന്നുണ്ട്. കേരളത്തിലേക്ക് അവശ്യവസ്തുക്കള്‍ കയറ്റി വിടുന്നതിന്റെ വീഡിയോ എമിറേറ്റ്‌സ് പുറത്തുവിട്ടുണ്ട്.