വെള്ളപ്പൊക്കത്തെ മഹാപ്രളയമാക്കിയത് സര്‍ക്കാര്‍ ; ആരോപണങ്ങളുമായി കെ മുരളീധരന്‍
ഡാമുകള്‍ സമയത്ത് തുറക്കാത്തത് കാരണം വെള്ളപ്പൊക്കത്തെ സര്‍ക്കാര്‍ മഹാപ്രളയമാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ആദ്യം മുതല്‍ ഡാമുകള്‍ കുറേശെ തുറന്നെങ്കില്‍ കൂട്ടത്തോടെ തുറക്കല്‍ ഒഴിവാക്കാമായിരുന്നു. അതാണ് വെള്ളപ്പൊക്കത്തെ പ്രളയമാക്കി മാറ്റിയത്. ഡാമിലെ വെള്ളം എത്ര ഉയരാന്‍ സാധ്യതയുണ്ട്. എന്ത് തയ്യാറെടുപ്പ് വേണം എന്ന് ഡാം സുരക്ഷാ അതോറിറ്റിയാണ് തീരുമാനിക്കേണ്ടത്. ഇതൊന്നും നോക്കാന്‍ അവര്‍ക്ക് സമയം കിട്ടിയില്ല എന്നും മുരളീധരന്‍ കുറ്റപ്പെടുത്തുന്നു.
കനത്ത മഴയില്‍ ഡാമുകളില്‍ വെള്ളം കയറിക്കൊണ്ടിരുന്ന സമയം 20 ാമത്തെ മന്ത്രിയെ വെക്കുന്ന ചര്‍ച്ചയിലായിരുന്നു സര്‍ക്കാര്‍. സിപിഐക്ക് എന്ത് പകരം കൊടുക്കണം എന്ന ചര്‍ച്ചയും അതിനിടെ. ഇതെല്ലാം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ മഴ ശക്തമായി. അപ്പോഴും ട്രയല്‍ റണ്‍ വേണമെന്ന് മന്ത്രി മണി പറഞ്ഞു. വേണ്ടെന്നാണ് ജലവിഭവ മന്ത്രി അന്നേരവും പറഞ്ഞത്.. ഈ സമയത്തൊക്കെ മഴ പെയ്യുകയായിരുന്നു. പിന്നെ കണ്ടത് എല്ലാ ഡാമും ഒരേ സമയം തുറക്കുന്നതാണ്. മുഖ്യമന്ത്രി പറയുന്നത് അണക്കെട്ട് തുറക്കാതിരുന്നിടത്തും പ്രളയമുണ്ടായി എന്നാണ്. എന്നാല്‍ അവിടങ്ങളില്‍ കാല്‍നനയുന്ന പോലെയെ വെള്ളം ഉയര്‍ന്നുള്ളൂ. ഇത് മനുഷ്യനെ മുക്കിയ ദുരന്തമാണുണ്ടായത്.
ജൂലായ് 17ന് മുഖ്യമന്ത്രി തിരിച്ചെത്തുമ്പോള്‍ ഇതുപോലെ വെള്ളപ്പൊക്ക കെടുതികളിലായിരുന്നു കുട്ടനാട്ടിലുമൊക്കെ. ആരും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് കുട്ടനാട് എംഎല്‍എ പോലും സ്ഥലത്ത് ചെല്ലുന്നത്. ബാണാസുര സാഗര്‍ ഡാം ഏഴാം തീയതി തുറന്ന് എട്ടാം തീയതി ഉച്ചയ്ക്കാണ് മുന്നറിയിപ്പ് കൊടുത്തത്. ദുരിതാശ്വാസ ക്യാമ്പില്‍ ആളുകള്‍ കൂടുതലുണ്ടായിരുന്നത് ആദ്യം വയനാട്ടിലാണ്. ഗുരുതരമായ സാഹചര്യമുണ്ടാക്കിയതിന് ഡാം സുരക്ഷ അതോറിറ്റിക്ക് വീഴ്ചയുണ്ടായിട്ടുണ്ട്. അല്ലെങ്കില്‍ ഇത് അടുത്ത വര്‍ഷവും ഇത് ആവര്‍ത്തിക്കും.
അതുപോലെ ആദ്യമായി 50,000 പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞത് സജി ചെറിയാനാണ്. പിന്നെ വീണ ജോര്‍ജ് പറഞ്ഞു ഏകീകരണം ഇല്ലായെന്ന്. ഇന്നലെ രാജു ഏബ്രഹാമും പറഞ്ഞു ഒരു മുന്നറിയിപ്പും നല്‍കിയില്ല എന്ന്. വിഡി സതീശന്‍ മാത്രമാണ് പ്രതിപക്ഷത്തു നിന്ന് പറഞ്ഞത്. നാല് എംഎല്‍എമാരില്‍ മൂന്നു പേരും ഭരണപക്ഷത്തുള്ളവരാണ് വീഴ്ച തുറന്ന് പറഞ്ഞത്. ചീഫ് സെക്രട്ടറി പറഞ്ഞില്ലേ മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചയുണ്ടായി എന്ന്. റവന്യു സെക്രട്ടറിയെ ചുമതലയില്‍ നിന്ന മാറ്റിയത് എന്തിനാണ്.
500 കോടിയാണ് ആകെ കേന്ദ്രം തന്നത്. അതില്‍ കൂടുതല്‍ 700 കോടി യുഎഇ തന്നപ്പോള്‍ അത് വാങ്ങേണ്ട എന്ന ദുഷ്ടലാക്കാണ്. വെള്ളപ്പൊക്കമുണ്ടായ ജില്ലയിലെ ഒരു ഒരു എംഎല്‍എയെ പോലും വിളിക്കാതെയാണ് മഴ കഴിഞ്ഞ് വെള്ളം ഇറങ്ങിയപ്പോള്‍ ജര്‍മ്മനിയില്‍ നിന്ന് വന്ന മന്ത്രി ചില ഉദ്യോഗസ്ഥരെ മാത്രം വിളിച്ച് യോഗം നടത്തിയത്. ഈ മന്ത്രിയെ പുറത്താക്കാന്‍ ആ പാര്‍ട്ടിയും മുഖ്യമന്ത്രിയും തയ്യാറാകണം.
മന്ത്രി എ.കെ ബാലന് പൈലറ്റ് പോകാന്‍ വാഹനം എത്താത്തതിന്റെ പേരില്‍ എസ്.ഐക്കെതിരെ നടപടി ശരിയല്ല. എല്ലാവരും ദുരിതാശ്വാസ ക്യാമ്പില്‍ അഹോരാത്രം സഹായത്തിനായി ഓടുന്ന സമയം തന്നെ ഇങ്ങനെയുള്ള പ്രവൃത്തി ശരിയായില്ല എന്നും മുരളീധരന്‍ പറയുന്നു.