വന്‍ അപകടത്തില്‍ കക്കയം പെന്‍സ്റ്റോക്ക്; ഒരു പ്രദേശമാകെ ആശങ്കയില്‍ ; തിരിഞ്ഞുനോക്കാതെ അധികാരികള്‍

കക്കയം ഡാമില്‍ നിന്നും കുറ്റ്യാടി ജല വൈദ്യുത പദ്ധതിയിലേക്ക് വെള്ളമെത്തിക്കുന്ന ഭീമന്‍ പെന്‍സ്റ്റോക്കുകള്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന്‍ വന്‍ അപകടത്തില്‍. ഒരാഴ്ച മുന്‍പ് പൈപ്പിന്റെ പന്ത്രണ്ടാം ബ്ലോക്കിലേക്ക് മണ്ണിടിഞ്ഞ് വീണതാണ് വന്‍ അപകടത്തിന് കാരണമായത്. ഇതോടെ പൈപ്പിന്റെ ഒരു ഭാഗം പൂര്‍ണമായും കല്ലും മണ്ണും പതിച്ച് മൂടിയ നിലയിലാണ്. കൂടാതെ ഇതിനെ താങ്ങി നിര്‍ത്തുന്ന ആങ്കര്‍ ബ്ലോക്കുകകളിലെ നട്ടുകള്‍ ഇളകി മാറുകയും ചെയ്തു.

എന്നാല്‍ സംഭവം നടന്നു ആഴ്ച്ച ഒന്നായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു. ഏറെ ശ്രദ്ധയോടെ പരിപാലിച്ച് പോരേണ്ടതാണ് പെന്‍സ്റ്റോക്കുകള്‍. ഇവിടെയാണ് ഒരാഴ്ചയായിട്ടും മണ്ണിടിഞ്ഞ് വീണ് കൂറ്റന്‍ പാറക്കല്ലുകള്‍ പൈപ്പിന് മുകളില്‍ പതിച്ചിട്ടും കെ.എസ്.ഇ.ബി അധികൃതരോ മറ്റ് അധികാരികളോ ഇവിടേക്ക് തിരിഞ്ഞ് നോക്കാത്തത്.

പെന്‍സ്റ്റോക്കിന്റെ പരിപാലനത്തിനായി നിരവധി വാച്ചര്‍മാരെ നിയമിച്ചിട്ടുണ്ട്. എന്നിട്ട് പോലും ഇവിടേക്ക് അധികൃതര്‍ എത്തിയിട്ട് പോലുമില്ല. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഡാം പരിസരത്ത് എത്താനുള്ള റോഡ് പോലും ഇപ്പോഴില്ല. എല്ലാം ഉരുള്‍പൊട്ടലില്‍ താഴ്ന്ന് പോയി. ഈയൊരു സാഹചര്യം പെന്‍സ്റ്റോക്കിന് പരിസരത്തുള്ളവരുടെ ഭീതി കൂട്ടുന്നുമുണ്ട്. പൈപ്പ് പൊട്ടിയാല്‍ താഴ്‌വാരത്തുള്ള ആയിരത്തോളം വീടുകള്‍ വെള്ളത്തിനടിയിലാവും. കക്കയം പ്രദേശം ഒന്നാകെ തുടച്ച് മാറ്റപ്പെടും.

കനത്ത മഴ പെയ്ത സമയം നിരവധി ഉരുള്‍പൊട്ടലുണ്ടായ ഇടമാണ് കക്കയം മലയോരം. പെന്‍സ്റ്റോക്കിന് തൊട്ടടുത്തായും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. ഇനിയൊരു മണ്ണിടിച്ചിലുണ്ടായാല്‍ പൈപ്പിന് മുകളില്‍ തൂങ്ങിനില്‍ക്കുന്ന കൂറ്റന്‍ പാറക്കഷണങ്ങള്‍ ഇതിന് മുകളിലേക്ക് പതിക്കും. ഇത് വന്‍ ദുരന്തത്തിന് തന്നെ കാരണമാവും.