ഡാം തുറന്നതില്‍ വീഴ്ച്ച സംഭവിച്ചില്ല : എം എം മണി

തിരുവനന്തപുരം : ഡാമുകള്‍ തുറക്കുന്നതില്‍ സര്‍ക്കാരിന് വീഴച്ച പറ്റിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി. പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന് വിവാദമുണ്ടാക്കുന്നതിനാണ്. കെഎസ്ഇബിക്ക പാളിച്ച പറ്റിയെന്ന പ്രചാരണം അവാസ്തവമാണ്. ഈ സമയത്ത് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ഇബിയുടെ ലാഭക്കൊതിയാണ് പ്രളയത്തിന് കാരണമെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയയാണ് വൈദ്യുതി മന്ത്രി ഇങ്ങനെ പറഞ്ഞത്. കെഎസ്ഇബിക്ക് പാളിച്ച പറ്റിയിട്ടില്ല മഴ ഇത്ര കനക്കുമെന്ന് കരുതിയില്ല. ഡാം തുറക്കുന്നതിന് എല്ലാം മുന്നൊരുക്കങ്ങളും എടുത്തിരുന്നു.

തന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം സംസ്ഥാനത്ത് പൊതുവില്‍ സാധാരണ തോതിലാകും മഴ ലഭിക്കുക എന്നും ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നല്ല മഴയുണ്ടാവും എന്നുമായിരുന്നു I M D യുടെ പ്രവചനം. ഇപ്പോഴുണ്ടായ പേമാരിയെ കുറിച്ചുള്ള അറിയിപ്പ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് I MD നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഈ പേമാരി ക്കാലത്ത് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടി വരെയെത്തുകയും അവിടെ നിന്നും അധികമായ ജലം ഇടുക്കിയിലേക്ക് ഒരു സെക്കന്റില്‍ ഏകദേശം 650 ഘനമീറ്റര്‍ എന്ന അളവില്‍ വരെ ഒഴുക്കി വിടുകയും ചെയ്തു. ഈ അവസരങ്ങളില്‍ ഡാമിന്റെ സുരക്ഷിതത്വത്തിനായി ഇടുക്കിയില്‍ നിന്നും പുറത്തേക്ക് ഒഴുക്കിയ വെള്ളത്തിന്റെ അളവ് ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കേണ്ടി വന്നിട്ടുണ്ട്.ഡാമിലേക്ക് 2500 ക്യുബിക് മീറ്റര്‍ പെര്‍ സെക്കന്റ് എന്ന തോതില്‍ വരെ വെള്ളം ഒഴുകിയെത്തിയെങ്കില്‍ പുറത്തേക്ക് ഒഴുക്കിവിട്ടത് പരമാവധി 1600 കുബിക് മീറ്റര്‍ പെര്‍ സെക്കന്റ് വരെ ആയിരുന്നു.

ലാഭം ലക്ഷ്യമിട്ട് കെഎസ്ഇബി ഡാമുകള്‍ അവസാന നിമിഷം വരെ തുറക്കാതെ വച്ചതാണ് പ്രളയത്തിന് കാരണമെന്നായിരുന്നു ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയത്. ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും സര്‍ക്കാരില്‍ നിന്നുണ്ടായില്ലെന്നും ഡാമുകള്‍ തുറന്നുവിട്ടാല്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് യാതൊരു ധാരണയും വൈദ്യുതിവകുപ്പിനുണ്ടായിരുന്നുവില്ലെന്നും രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.