പ്രളയം സര്‍ക്കാര്‍ സൃഷ്ട്ടി തന്നെയെന്ന് ആവര്‍ത്തിച്ച് ചെന്നിത്തല ; മുഖ്യമന്ത്രി കാണിക്കുന്നത് പാഴ്വേല
തിരുവനന്തപുരം : മുഖ്യമന്ത്രി നിരത്തിയ ന്യായീകരണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം സര്‍ക്കാര്‍ സൃഷ്ടിയെന്ന നിലപാട് ആവര്‍ത്തിച്ച ചെന്നിത്തല കേരളത്തില്‍ മഴ പെയ്തിട്ടില്ല എന്ന് താന്‍ പറഞ്ഞിട്ടില്ല എന്നാല്‍ ഡാമുകളിലെത്തിയ വെളളം തുറന്നു വിടുന്നതില്‍ തെറ്റുണ്ടായി എന്നാണ് പറഞ്ഞതെന്ന് വിശദമാക്കി.
ഓഗസ്റ്റ് 14 ന് ചെറുതോണി ഡാം തുറന്നു വിടുന്നതിനെ കുറിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് വളച്ചൊടിച്ചുവെന്ന് ചെന്നിത്തല ആരോപിച്ചു. ഡാം തുറക്കണമെന്നാണ് ഫെയ്‌സ് ബുക്കില്‍ പറഞ്ഞത്. പക്ഷേ ക്രമമായി അന്ന് മുതല്‍ തുറന്ന് വയ്ക്കണമായിരുന്നുവെന്നാണ് പോസ്റ്റില്‍ പരാമര്‍ശിച്ചത്. തലക്കു മീതെ വെളളം കയറിയ ശേഷമാണ് മുഖ്യമന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടത്. റാന്നിയില്‍ രാത്രി ഒരു മണിക്കായിരുന്നു മൈക് അനൗണ്‍സ്‌മെന്റ് നടത്തിയത്.
കേന്ദ്ര ജല കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നിര്‍ദ്ദേശങ്ങള്‍ പ്രകാരം മാറി പാര്‍പ്പിക്കാതെയാണ് ഡാമുകള്‍ തുറന്നത്. പ്രളയം നേരിടുന്നതിന് കേന്ദ്ര ജല കമ്മീഷന് എസ്ഒപി നല്‍കിയില്ല. രണ്ടുനില വീടുള്ളതുകൊണ്ടാണ് പലരും രക്ഷപ്പെട്ടത്. ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള പാഴ് വേലയാണ് മുഖ്യമന്ത്രി പറയുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നു. മുന്നറിയിപ്പ് കേട്ട് ഇറങ്ങി പോകാത്ത ജനങ്ങളാണോ മുഖ്യമന്ത്രിയുടെ മുന്നില്‍ കുറ്റക്കാരെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഞാന്‍ പറയാത്ത കാര്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.