യു.കെയില്‍ നിന്നും വിയന്നയില്‍ അവധിയ്ക്ക് എത്തിയ മലയാളി കുട്ടികള്‍ ഡാന്യൂബ് നദിയില്‍ മുങ്ങി മരിച്ചു
വിയന്ന: യു.കെയിലെ ബോള്‍ട്ടണില്‍ നിന്നും ഓസ്ട്രിയയിലെ വിയന്നയില്‍ അവധിയ്ക്ക് എത്തിയ രണ്ടു മലയാളി കുട്ടികള്‍ വിയന്നയിലെ പഴയ ഡാന്യൂബ് ഡാന്യൂബ് നദിയില്‍ മുങ്ങി മരിച്ചതായി ഓസ്ട്രിയയുടെ ദേശിയ മാധ്യമം ഒ.ആര്‍.എഫ് റിപ്പോര്‍ട്ട് ചെയ്തു. വിയന്നയിലെ ബന്ധുക്കളുടെ അടുത്ത് എത്തിയ ബന്ധുക്കളായ രണ്ടു കുടുംബത്തിലെ കുട്ടികളെയാണ് അപകടം കവര്‍ന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് രണ്ട് കുടുംബങ്ങളും അവധി ആഘോഷിക്കുവാന്‍ ഓസ്ട്രിയയില്‍ എത്തിയത്.
ബോള്‍ട്ടണില്‍ താമസിക്കുന്ന അനിയന്‍കുഞ്ഞ് സഖറിയ – സൂസന്‍ ദമ്പതികളുടെ മകന്‍ ജോയല്‍ (19), ഷിബു വര്‍ഗ്ഗീസ്, സുബി ദമ്പതികളുടെ മകന്‍ ജയ്‌സന്‍ (15) എന്നിവരാണ് മരിച്ചത്. ഓഗസ്റ്റ് 23ന് ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. ഒരാള്‍ വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാനിറങ്ങിയതാണ് രണ്ടാമത്തെ കുട്ടി എന്നാണ് വിവരം. അപകടസമയത്ത് സംഘത്തില്‍ ഒന്‍പതോളം പേര്‍ ഉണ്ടായിരുന്നതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
പോലീസിന്റെ തിരച്ചില്‍ ഒരാളുടെ മൃതദേഹം ആദ്യം ലഭിച്ചിരുന്നു. രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം വൈകിയാണ് പോലീസ് കണ്ടെടുത്തത്. പോലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയോടുകൂടി മ്യതദേഹങ്ങള്‍ വിട്ടുകിട്ടുമെന്നാണ് ഹോസ്പിറ്റലില്‍ നിന്നും ലഭിക്കുന്ന വിവരം. യുകെയില്‍ നിന്നും ബന്ധുക്കളായവരും മറ്റു സുഹൃത്തുക്കളും വിയന്നയിലേയ്ക്ക് തിരിച്ചട്ടുണ്ട്.