തമിഴ് താരം വിജയ് നല്‍കിയ ഭക്ഷ്യസാധനങ്ങള്‍ കേരളത്തില്‍ എത്തി ; ആവേശത്തോടെ ആരാധകര്‍
പത്തനംതിട്ട : പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ധാരാളം സിനിമാ താരങ്ങള്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അകമഴിഞ്ഞ സഹായമാണ് ഏവരും ചെയ്തതും. മലയാളി താരങ്ങളെ കൂടാതെ മറ്റ് ഭാഷകളില്‍ നിന്ന് കമലഹാസന്‍, സൂര്യ, കാര്‍ത്തി, പ്രഭാസ് എന്നിങ്ങനെ പലരും സാമ്പത്തികമായി കേരളത്തെ സഹായിച്ചു.
എന്നാല്‍ ആ സമയത്തും തമിഴ് നടന്‍ വിജയ് ഇതിനെ പറ്റി യാതൊന്നും പറയാത്തതും സഹായവാഗ്ദാനം ചെയ്യാത്തതും ആരാധകരെയും അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തിരക്കില്‍ ആയിരുന്ന താരം നാട്ടില്‍ എത്തിയ ഉടന്‍ ദുരിതാശ്വാസ നിധിയിലേക്ക് എഴുപത് ലക്ഷം രൂപയാണ് നല്‍കിയത്. ഫിലിം കറസ്പോണ്ടന്റായ രാജശേഖർ തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്. നേരിട്ടല്ല തന്‍റെ ആരാധകരുടെ ബാങ്ക് തങ്ങളുടെ അക്കൗണ്ടുകളിലൂടെയാണ് വിജയ് ഈ പണം എത്തിക്കുന്നതെന്ന് ആരാധക കൂട്ടായ്മയിലെ ഭാരവാഹികള്‍ പറഞ്ഞിരുന്നു.
കൂടാതെ എല്ലാ ജില്ലകളിലേയ്ക്കും ഒരു ലോറി നിറയെ ഭക്ഷ്യസാധനങ്ങളും താരം ഏര്‍പ്പാടാക്കിയിരുന്നു. ഈ ലോറികള്‍ ഇന്ന് കേരളത്തിലെത്തിയിരിക്കുകയാണ്. ആവേശത്തോടെയാണ് എല്ലായിടത്തും ആരാധകര്‍ ലോറികള്‍ സ്വീകരിച്ചത്. 14 ജില്ലകളിലേക്കായി 15 ലോറികളാണ് വിജയ് അയച്ചിരിക്കുന്നതെന്നാണ് ആരാധകര്‍ നന്ദി അര്‍പ്പിച്ച് ഇട്ട വീഡിയോയില്‍ പറഞ്ഞിരുന്നത്.
ഇപ്പോള്‍ വിജയ് അയച്ച ലോറി കോട്ടയത്തും പത്തനംത്തിട്ടയിലും എത്തിയെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത് അറിയിച്ചിരിക്കുന്നത്. തന്‍റെ പുതിയ ചിത്രമായ സര്‍ക്കാരിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു അമേരിക്കയിലായിരുന്നു താരം.
The Lorry Of Flood Relief Things Send By Thalapathy #Vijay Reached Pathanamthitta just now. #KeralaFloods #KeralaFloodRelief pic.twitter.com/miQHrbHCrM
— Vijaysm Kerala™ (@Vijaysm_Kerala) August 23, 2018