യു.എ.ഇയുടെ ധനസഹായം : കാര്യങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്ത്
യു എ ഇയുടെ ധനസഹായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവ്യക്തത മാറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. “രണ്ട് വ്യക്തികള്‍ തമ്മിലാണ് ഇതേക്കുറിച്ച് സംസാരിച്ചത്. പ്രധാനമന്ത്രിയോട് യു എ ഇ ഭരണാധികാരി സംസാരിക്കുകയാണുണ്ടായത്. ആ കാര്യം രണ്ടുകൂട്ടരും ലോകത്തെ അറിയിച്ചിട്ടുണ്ട്. അത് സ്വീകരിക്കണോ വേണ്ടയോ എന്നത് നമ്മുടെ രാജ്യത്തിന്റെ പ്രശ്‌നമാണ്. അത് സ്വീകരിക്കുമെന്നാണ് ഞാന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ” പിണറായി പറയുന്നു.
സഹായത്തെ കുറിച്ച് പരസ്യമായി പറയാമോ എന്ന് താന്‍ ആവര്‍ത്തിച്ച് ചോദിച്ചിരുന്നു. പറയാവുന്നതാണെന്നും തന്നോടു ഇക്കാര്യം യു എ ഇ ഭരണാധികാരി സംസാരിച്ചതാണെന്നും യൂസഫലി പറഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബക്രീദ് ആശംസിക്കാന്‍ വേണ്ടി എം.എ യൂസഫലി യു എ ഇ ഭരണാധികാരിയെ കാണാന്‍ ചെന്നിരുന്നു. മറ്റു കാര്യങ്ങള്‍ സംസാരിക്കുന്ന കൂട്ടത്തില്‍ ഈ കാര്യം സംസാരിക്കുകയാണുണ്ടായത്. 100 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്ന കാര്യം പ്രധാനമന്ത്രിയോട് സംസാരിച്ചിരുന്നു എന്ന് യു എ ഇ ഭരണാധികാരി യൂസഫലിയോട് പറഞ്ഞത് എന്നും പിണറായി വ്യക്തമാക്കി.